അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ:കഴിഞ്ഞ എട്ടു വർഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കിയും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, നവാഗതരായ കലാകാർക്ക് അവസരങ്ങൾ നൽകിയും, സൗജന്യ കലാവിരുന്നുകൾ സമർപ്പിച്ചും യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ 7 ബീറ്റ്സ് മ്യൂസിക് ബാൻഡ് ഒരുക്കുന്ന സംഗീതോത്സവത്തിന്റെ സീസൺ 9, മറ്റന്നാൾ മാർച്ച് 7 ന് ശനിയാഴ്ച്ച ലണ്ടനിലെ ഹോൺചർച്ചിൽ അരങ്ങേറുന്നു.യു കെ യിലെ കലാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 9 ചാരിറ്റി ഇവന്റിനും, ഓ എൻ വി, എസ് പി വി അനുസ്മരണങ്ങൾക്കും ആസ്വാദന വേദിയാവുക ഹോൺചർച്ച് ദി കാമ്പ്യൻ സ്ക്കൂൾ ഓഡിറ്റോറിയമാവും. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന സംഗീതോത്സവം സീസൺ 9 നു ലണ്ടനിലെ സഹൃദയരായ കലാ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ മലയാളി കൂട്ടായ്മ്മകളാണ് ആഥിതേയത്വം വഹിക്കുക. 40 ഓളം ഗായകരും, 25 ഓളം നർത്തകരും ചേർന്ന് ഒരുക്കുന്ന അതിസമ്പന്നമായ സംഗീത-നൃത്ത വിരുന്നാവും സദസ്സിന് 7 ബീറ്റ്സ് മ്യൂസിക് ബാൻഡ് സമ്മാനിക്കുക.
7 ബീസ്റ്റ്സ് സംഗീതോത്സവം സീസൺ 9 ൽ, യുക്മ നാഷണൽ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കുചേരും. യു കെ യിൽ ആത്മീയ-രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ ശ്രദ്ധേയനായ എബി മികച്ച വാഗ്മി കൂടിയാണ്.
രാവണപ്രഭുവിൽ ബാലതാരം ആയി സിനിമാ ലോകത്തു ചുവടുവെക്കുകയും, നിരവധി ചിത്രങ്ങളിൽ തനതായ അഭിനയ മികവിലൂടെ സിനിമാ ലോകം കീഴടക്കുകയും ചെയ്ത സനൂഷാ സന്തോഷ് വിശിഷ്ടാതിഥിയായി പങ്കുചേരുന്നതുമാണ്. മീശ മാധവൻ, കാഴ്ച്ച, ചോട്ടാ മുംബൈ, സപ്തമി ശ്രീ തസ്കരാ, മാമ്പഴക്കാലം, ജേഴ്സി അടക്കം നിരവധി മലയാളം , തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിൽ വേഷം ഇട്ടിട്ടുള്ള സനൂഷ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് അടക്കം പല മെഗാ സ്റ്റാറുകളുടെ കൂടെ ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട്. നിരവധി ചിത്രങ്ങളിലൂടെ സൗത്തിന്ത്യൻ താരറാണിയായി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച സനൂഷാ സന്തോഷിന്റെ താര സാന്നിദ്ധ്യം 7 ബീറ്റ്സ് സംഗീതോത്സവത്തിൽ കലാസദസ്സിന് ആവേശം പകരും.

മലയാള സിനിമയ്ക്ക് നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെയും, നിരവധി സൂപ്പർ ഹിറ്റ് സിനിമാ ഗാനങ്ങളും, പശ്ചാത്തല സംഗീതവും നൽകിയ യശ്ശശരീരനായ എസ് പി വെങ്കിടേഷിന്റെയും അനുസ്മരണങ്ങളും, യു കെ യിലെ സംഗീതത്തിന്റെ ഈ ഉത്തുംഗ വേദിയിൽ വെച്ച് തന്നെ സമുചിതമായി അർപ്പിക്കും. യു കെ യിലെ പ്രശസ്ത എഴുത്തുകാരിയും,കവിയത്രിയുമായ രശ്മി മേനോൻ അനുസ്മര പ്രഭാഷണം നടത്തുന്നതാണ്.
ഒഎൻവിയുടെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി നടത്തുന്ന സംഗീതാദദരവും, എസ്പിവിയെക്കുറിച്ചുള്ള കലാജീവിത ഡോക്കുമെന്ററിയും 7 ബീറ്റ്സ് വേദിയെ ധന്യമാക്കും. കൂടാതെ സംഗീതാസ്വാദകർക്കായി എത്ര കേട്ടാലും മതിവരാത്ത മധുരഗാനങ്ങൾ വീണ്ടും ആസ്വദിക്കുവാനുള്ള സംഗീത സായാഹ്നമാവും 7 ബീറ്റ്സ് സമ്മാനിക്കുക.
സദസ്സിനു അത്ഭുതം പകരുന്ന വിവിധങ്ങളായ കലാവിസ്മയങ്ങൾ ഈ വർഷത്തെ സംഗീതോത്സവത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടക സമിതിയുടെ മുഖ്യ കോർഡിനേറ്ററായ ജോമോൻ മാമ്മൂട്ടിൽ, സണ്ണിമോൻ മത്തായി എന്നിവർ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്സ്, ചാരിറ്റി പ്രവർത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം ഉപയോഗിച്ചു വരുന്നത്.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാല്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന സീസൺ 9 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ഹോൺചർച്ചിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Sunnymon Mathai: 07727993229
Jomon Mammoottil: 07930431445
Manoj Thomas: 07846475589
kevin konickal: 07515428149
Dr Sivakumar: 0747426997
Luby Mathew: 07886263726
Appachan Kannanchira: 07737956977
The Campion School, Wingletye Lane, Hornchurch, London, RM11 3BX











Leave a Reply