ബ്രിസ്റ്റൾ : അദ്വൈത ആർട്സും ഹെൻ ഗ്രോവ് മലയാളി കമ്മ്യൂണിറ്റിയും (HMC) ചേർന്ന് സംഘടിപ്പിച്ച ശ്രീരാഗം സീസൺ 3 ഇന്ത്യൻ സാംസ്‌കാരികോത്സവത്തിൽ ഗായകൻ പ്രമോദ് പിള്ളയ്ക്ക് പ്രഥമ ജി. ദേവരാജൻ പുരസ്‌കാരം സമ്മാനിച്ചു. പ്രശസ്ത കഥകളി നടനായ കലാമണ്ഡലം വിജയകുമാറും കഥകളി ചുട്ടി കലാകാരി കലാമണ്ഡലം ബാർബറയും ചേർന്നാണ് പുരസ്‌കാരം നൽകിയത്. ചടങ്ങിനോടനുബന്ധിച്ച് സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്ററുടെ ഭാര്യ ലീലാമണി ദേവരാജൻ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബാബു എബ്രഹാം രചിച്ച “കമ്പിളി കണ്ടത്തെ കൽഭരണികൾ” എന്ന ആത്മകഥാപരമായ കൃതിക്ക് അദ്വൈതയുടെ ആദ്യ “അദ്വയ” പുരസ്‌കാരം ലഭിച്ചു. എഴുത്തുകാരന് വേണ്ടി സഹോദരി ബിന്ദു എബ്രഹാം പുരസ്‌കാരം ഏറ്റുവാങ്ങി. ബ്രിസ്റ്റൽ സിറ്റി കൗൺസിലിലെ മർലിൻ തോമസാണ് പുരസ്‌കാരം സമ്മാനിച്ചത്.
ഉദ്ഘാടനച്ചടങ്ങിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണൽ മാനേജർ സൗഗത് ചൗധരി, ഹെൻ ഗ്രോവ് മലയാളി കമ്മ്യൂണിറ്റി ചെയർമാൻ സുനിൽ പൂവാടൻ, ബ്രിസ്‌ക പ്രസിഡന്റ് ജൈമോൻ ജോർജ്, കോസ്‌മോപൊളിറ്റൻ ക്ലബ് പ്രസിഡന്റ് ജോസ് മാത്യു, ബുക്ക്‌ഷെൽഫ് യു.കെ സ്ഥാപക മനുപ്രിയ സലിൽ എന്നിവർ പങ്കെടുത്തു.

ബ്രിസ്റ്റളിലെ നർത്തകി ഡാൻസ് അക്കാദമിയിലെ അപർണ്ണ പവിത്രനും ശ്രീപാർവതിയും ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം പരിപാടിക്ക് തുടക്കമിട്ടു.ഭരതനാട്യത്തിന്റെ ചടുലഭാവങ്ങളും ലയബദ്ധമായ നൃത്തച്ചുവടുകളും സമന്വയിപ്പിച്ച് അപർണ്ണ പവിത്രനും ശ്രീ പാർവതിയും മനോഹരമായ നൃത്തം അവതരിപ്പിച്ചു. ശുദ്ധമായ അഭിനയം, ചിട്ടയാർന്ന, ലയസൗന്ദര്യത്തോടെ നിറഞ്ഞ ചുവടുകൾ എന്നിവ ചേർന്ന അവരുടെ പ്രകടനം വേദിയെ സജീവമാക്കി. ഭരതനാട്യത്തിന്റെ ഭംഗിയും നൃത്തശൈലിയിലെ ലാളിത്യവും ഒത്തുചേർന്ന ഈ അവതരണം പ്രേക്ഷകരുടെ ശ്രദ്ധയും പ്രശംസയും ഒരുപോലെ നേടി.
ആർട്സ് കൗൺസിൽ ഇംഗ്ലണ്ടിന്റെ സഹകരണത്തോടെ കലാചേതന അവതരിപ്പിച്ച കഥകളി അവതരണം ശ്രദ്ധേയമായി. പതിവ് കഥകളിൽ നിന്ന് വിഭിന്നമായി പഹൽഗം ഭീകരആക്രമണത്തെ പശ്ചാത്തലമാക്കി ഒരുക്കിയ “ഒന്നു ചിരിക്കൂ, ഒരിക്കൽ കൂടി” എന്ന കഥകളി ഏകാങ്കം കലാമണ്ഡലം വിജയകുമാർ രചിച്ച് അവതരിപ്പിച്ചു. കഥകളിയുടെ മേക്കപ്പ് നിർവഹിച്ചത് കലാമണ്ഡലം ബാർബറയാണ്.വയലാറിന്റെയും, പി ഭാസ്കരന്റെയും, രചനയിൽ ദേവരാജൻ മാസ്റ്റർ ഈണം ഇട്ട നിരവധി ഗാനങ്ങൾ പദങ്ങളായി ഈ നൂതന കഥകളി അവതരണത്തിന് മിഴിവേകി.

പ്രശസ്ത വയലിനിസ്റ്റ് ശ്യാം ബാലമുരളി അവതരിപ്പിച്ച വിന്റർ മെലഡീസ് സംഗീതാവിഷ്‌കാരവും ശ്രദ്ധ നേടി. ബിബി കുര്യൻ (റിതം), കലാഭവൻ ആനന്ദ് (തബല), ഗോപു നായർ (കീബോർഡ്), ജോഷി (ഗിറ്റാർ), സന്തോഷ് ജേക്കബ് പുത്തെറ്റ് (ഹാർമോണിയം) എന്നിവർ അകമ്പടിയൊരുക്കി.
ഗസൽ പോലെ….. പ്രമോദ് പിള്ള, സുന്ദീപ് കുമാർ, അനു ചന്ദ്ര എന്നിവർ അവതരിപ്പിച്ച ഗസൽ ഭാവമുള്ള ചലച്ചിത്ര ഗാനങ്ങളും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ബാലചന്ദ്ര മേനോന്റെ സിനിമാജീവിതത്തിന്റെ അൻപത് വർഷം പൂർത്തിയാകുന്നതിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ സിനിമകളിലെ തിരഞ്ഞെടുത്ത ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനമാലികയും അരങ്ങേറി. രാജേഷ് കർത്ത, സഞ്ജീവ്, സുന്ദീപ് കുമാർ, പ്രമോദ് പിള്ള, അനു ചന്ദ്ര, രാധാകൃഷ്ണൻ, സന്തോഷ്എ ജേക്കബ് പുത്തെറ്റ് തുടങ്ങിവർ ഗാനങ്ങൾ അവതരിപ്പിച്ചു.

പരിപാടിയോടനുബന്ധിച്ച് ബുക്ക്‌ഷെൽഫ് യു.കെ ഒരുക്കിയ പുസ്തകമേള, താമര സംഘടിപ്പിച്ച ഇന്ത്യൻ വസ്ത്രങ്ങളുടെ പ്രദർശനം, ബ്രിസ്റ്റളിലെ സൽക്കാര റെസ്റ്റോറന്റ് ഒരുക്കിയ കേരള ഭക്ഷണശാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (യു.കെ)യുടെ ബാങ്കിംഗ് കൗണ്ടർ എന്നിവയും ശ്രദ്ധേയമായി.
2023-ൽ തിരുവിതാംകൂർ രാജകുടുംബാംഗവും പ്രശസ്ത എഴുത്തുകാരിയുമായ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി ആയിരുന്നു ശ്രീരാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് നവരാത്രിയോടനുബന്ധിച്ച് ആർ. എൽ. വി ജോസ് ജെയിംസ് അവതരിപ്പിച്ച സംഗീതകച്ചേരിയും, 2024-ൽ കലാചേതന കഥകളി കമ്പനിയുടെ നേതൃത്വത്തിൽ “ദക്ഷയാഗം” കഥകളിയും അരങ്ങേറി.












Leave a Reply