ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ ആണവ സബ്‌മറീനുകൾ നിലയുറപ്പിച്ചിരിക്കുന്ന ഫാസ്ലേൻ നേവൽ ബേസിലിൽ പ്രവേശിക്കാൻ ശ്രമിച്ച ഇറാനിയൻ സ്വദേശിയായ 34-കാരനെയും 31-കാരിയായ ഒരു സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ഇവർ ബേസിലിൽ പ്രവേശിക്കാൻ അനുമതി ചോദിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അത് നിഷേധിച്ചു. പിന്നീട് അധിക സമയം വൈകാതെ തന്നെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. സ്ത്രീയുടെ ദേശീയത വ്യക്തമല്ലെങ്കിലും അവർ ഇറാനിയൻ അല്ലെന്നാണ് സൂചന. ബേസിലിലേക്ക് ബലമായി കയറാൻ ശ്രമിച്ചിട്ടില്ലെന്നും സാധാരണ രീതിയിൽ പ്രവേശനം തേടിയതാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സ്കോട്ട് ലൻഡ് പോലീസ് അന്വേഷണം തുടരുകയാണ്.

ഫാസ്ലേൻ ബേസ് ബ്രിട്ടന്റെ ആണവ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന കേന്ദ്രമാണ്. ഇവിടെ നിന്നാണ് വാങ്ഗാർഡ് ക്ലാസ് സബ്‌മറീനുകൾ ആണവ മിസൈൽ സംവിധാനം കയറ്റി സമുദ്രത്തിൽ പട്രോളിങ് നടത്തുന്നത്. രാജ്യത്തിന്റെ മുഴുവൻ ആണവായുധ ശേഷിയും ഈ സബ്‌മറീനുകളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. മാസങ്ങളോളം സമുദ്രത്തിനടിയിൽ മറഞ്ഞുകിടക്കാൻ കഴിയുന്ന ഇവയ്ക്ക് ദൂരെ ലക്ഷ്യങ്ങളിൽ വരെ ആക്രമണം നടത്താനുള്ള ശേഷിയുണ്ട്. 1969 മുതൽ ബ്രിട്ടൻ ഈ രീതിയിൽ ഇടവിടാതെ ആണവ സബ്‌മറീൻ പട്രോളിങ് തുടരുന്നുണ്ട്. 2030ന് ശേഷം നിലവിലെ സബ്‌മറീനുകൾക്ക് പകരം പുതിയ ഡ്രെഡ്നോട്ട് ക്ലാസ് സബ്‌മറീനുകൾ എത്തുമെന്നാണ് പ്രതീക്ഷ.

സംഭവത്തെ തുടർന്ന് സുരക്ഷ ശക്തമാക്കിയതായി പ്രധാനമന്ത്രി കിയർ സ്റ്റാർമർ അറിയിച്ചു. മിഡിൽ ഈസ്റ്റിൽ ഇറാനും പാശ്ചാത്യ കൂട്ടാളികളുമായി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. ബ്രിട്ടീഷ് സൈനിക താവളങ്ങൾക്കും ജീവനക്കാർക്കും പരമാവധി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫാസ്ലേൻ ബേസിന് സമീപം 1982 മുതൽ ആണവായുധ വിരുദ്ധ സമര ക്യാമ്പ് പ്രവർത്തിച്ചു വരുന്നതും ശ്രദ്ധേയമാണ്. താച്ചർ സർക്കാരിന്റെ ആണവ പദ്ധതിയെ എതിർത്ത് ആരംഭിച്ച ഈ സമരം ഇന്നും വിവിധ പ്രതിഷേധങ്ങളിലൂടെ തുടരുകുയാണ് .











Leave a Reply