ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദ്യാർത്ഥി വിസയിൽ യുകെയിലെത്തി ഇപ്പോൾ ലണ്ടനിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ജ്യോതി എൽസ ജെയിംസ്. ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ റിഫോം യുകെയുടെ പ്രതിനിധിയായി അവർ മത്സരിക്കുകയാണ്. കർശനമായ ‘വെറ്റിങ്’ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയാണ് ജ്യോതി ജനവിധി തേടുന്നത് .
നൈജൽ ഫറാഷ് നേതൃത്വം നൽകുന്ന റിഫോം യുകെയുടെ കോർ കമ്മിറ്റിയാണ് ജ്യോതിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. മേയ് 7ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്ക് മത്സരിക്കാനുള്ള അവകാശം പ്രയോജനപ്പെടുത്തിയാണ് അവർ രംഗത്തെത്തുന്നത്. മുൻ രാഷ്ട്രീയ പരിചയമില്ലെങ്കിലും, വിദ്യാർത്ഥി ജീവിതം നേരിട്ട് അനുഭവിച്ച വ്യക്തിയായതിനാൽ അവരുടെ പ്രശ്നങ്ങൾ ശക്തമായി അവതരിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജ്യോതി.

അക്കാദമിക് മികവും സാമൂഹിക സേവന പരിചയവുമാണ് ജ്യോതിക്ക് മത്സര രംഗത്ത് തുണയാകുന്നത് . യുകെയിലെ പ്രമുഖ സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ ബിസിനസിൽ എംഎസ്സി നേടിയ അവർ ‘സ്റ്റുഡന്റ് ഓഫ് ദ ഇയർ’ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ഹാരോയിൽ ഒരു നോൺ-പ്രോഫിറ്റ് സംഘടനയുമായി ‘ലോൺലിനസ് കോഓർഡിനേറ്റർ’ ആയി പ്രവർത്തിച്ച് ഒറ്റപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കുകയും സാമൂഹിക ഇടപെടലുകളിൽ സജീവമാകുകയും ചെയ്ത അനുഭവ പരിചയവും ജ്യോതിക്കുണ്ട്.
ചുനക്കര ജെയിംസ് തോമസ്, എൽസി ജെയിംസ് ദമ്പതികളുടെ മകൾ ആണ് ജ്യോതി എൽസ ജെയിംസ്. ഭർത്താവ് ചിന്റു വർഗീസ്. ഹേസൽ അച്ചാമ്മ വർഗീസ് മകളാണ്. മറ്റേതൊരു സാധാരണ മലയാളി വിദ്യാർഥിയെയും പോലെ വിദ്യാഭ്യാസ വായ്പയെടുത്താണ് ജ്യോതിയും ലണ്ടനിലെത്തിയത്. ആഴ്ചയിൽ അനുവദനീയമായ 20 മണിക്കൂർ ജോലി ചെയ്ത് ജീവിതച്ചെലവുകൾ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഈ കഷ്ടപ്പാടുകൾ നേരിട്ടറിഞ്ഞതുകൊണ്ട് തന്നെ വിദ്യാർഥി സമൂഹത്തിന് വേണ്ടി ശബ്ദമുയർത്താൻ തനിക്ക് പ്രാപ്തിയുണ്ടെന്ന് ജ്യോതി പറഞ്ഞു.











Leave a Reply