ജോയൽ സോവിച്ചൻ

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെയും തെരഞ്ഞെടുപ്പിന് ശേഷമുള്ള അവലോകനത്തിന്റെ അടിസ്ഥാനത്തിൽ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ പ്രകാരം യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതായി സൂചന. നിലവിലെ കണക്കുകൾ പ്രകാരം യുഡിഎഫിന് 89 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. എൽഡിഎഫ് 49 സീറ്റുകളിലേക്ക് ചുരുങ്ങുമ്പോൾ എൻഡിഎയ്ക്ക് 2 സീറ്റുകൾ നേടാനാകും എന്നാണ് വിലയിരുത്തൽ. ഭൂരിപക്ഷത്തിനാവശ്യമായ 71 സീറ്റുകൾക്കുമുകളിൽ 18 സീറ്റിന്റെ ലീഡോടെയാണ് യുഡിഎഫ് മുന്നേറുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മലബാർ മേഖലയിലാണ് യുഡിഎഫിന് വലിയ മുന്നേറ്റം ലഭിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നത്. മലപ്പുറത്ത് 16ൽ 15 സീറ്റുകൾ നേടി ഏകപക്ഷീയ മുന്നേറ്റം കൈവരിച്ചപ്പോൾ കോഴിക്കോട് 13ൽ 9 സീറ്റുകളും വയനാട്ടിലെ മുഴുവൻ 3 സീറ്റുകളും യുഡിഎഫ് സ്വന്തമാക്കിയതായി വിലയിരുത്തപ്പെടുന്നു. കാസർകോട് 3 സീറ്റും കണ്ണൂരിൽ 4 സീറ്റും യുഡിഎഫ് നേടുമെന്നാണ് പ്രവചനം, എങ്കിലും കണ്ണൂരിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

മധ്യകേരളത്തിലും യുഡിഎഫിന് ശക്തമായ നിലപാടാണ് രൂപപ്പെട്ടത്. എറണാകുളം ജില്ലയിൽ 14ൽ 13 സീറ്റുകൾ നേടി വൻ മുന്നേറ്റം കൈവരിച്ചപ്പോൾ ഇടുക്കിയിൽ മുഴുവൻ 5 സീറ്റുകളും യുഡിഎഫ് സ്വന്തമാക്കുമെന്നാണ് പ്രവചനം. കോട്ടയത്ത് 9ൽ 7 സീറ്റുകളും പാലക്കാട്, തൃശൂർ ജില്ലകളിൽ എൽഡിഎഫ് മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും യുഡിഎഫ് ശക്തമായ മത്സരം തുടരുന്നതായും വിലയിരുത്തപ്പെടുന്നു.

തെക്കൻ കേരളത്തിൽ മത്സരങ്ങൾ കടുപ്പമായിരുന്നുവെങ്കിലും യുഡിഎഫിന് മുൻതൂക്കം ലഭിക്കുന്നതായി പ്രവചനങ്ങൾ പറയുന്നു. ആലപ്പുഴയിൽ 5-4 എന്ന നിലയിൽ യുഡിഎഫ് മുന്നിലാണ്. പത്തനംതിട്ടയിൽ 4 സീറ്റും കൊല്ലത്ത് 6 സീറ്റും യുഡിഎഫ് നേടുമെന്നാണ് കണക്കുകൾ. തിരുവനന്തപുരം ജില്ലയിൽ എൽഡിഎഫ് 7 സീറ്റുകളുമായി മുന്നിൽ നിൽക്കുമ്പോൾ യുഡിഎഫിന് 5 സീറ്റും എൻഡിഎയ്ക്ക് 2 സീറ്റും ലഭിക്കാമെന്നാണ് പ്രവചനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മികച്ച തരത്തിലുള്ള തരംഗം രൂപപ്പെട്ടാൽ യുഡിഎഫിന്റെ സീറ്റ് എണ്ണം 89ൽ നിന്ന് 101 വരെ ഉയരാനിടയുണ്ടെന്നും, അതേസമയം എൽഡിഎഫ് 38 മുതൽ 49 വരെ സീറ്റുകളിൽ ഒതുങ്ങാനിടയുണ്ടെന്നും എക്സിറ്റ് പോൾ വിലയിരുത്തുന്നു. എൻഡിഎയ്ക്ക് 1 മുതൽ 3 വരെ സീറ്റുകൾ ലഭിക്കാമെന്ന സാധ്യതയും ചൂണ്ടിക്കാണിക്കുന്നു.

മൂന്നക്കം കടക്കാൻ യുഡിഎഫിന് കണ്ണൂർ, തൃശൂർ പോലുള്ള എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ കൂടുതൽ മുന്നേറ്റം നേടേണ്ടതുണ്ടെന്നും, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ അധിക നേട്ടം കൈവരിക്കേണ്ടതുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു.

സംസ്ഥാനത്ത് ഭരണത്തിലേക്ക് യുഡിഎഫ് തിരിച്ചെത്താൻ സാധ്യത ശക്തമാണെന്നും, അവസാന ഫലം നിർണയിക്കുന്നത് വോട്ടെണ്ണലിനിടയിലെ ചെറിയ വ്യത്യാസങ്ങളായിരിക്കുമെന്നും എക്സിറ്റ് പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.