ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആൻഡ്രൂ മൗണ്ട്ബാറ്റൻ – വിൻഡ്സറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച വൈകിട്ട് വുൾഫെർട്ടൺ മേഖലയിൽ സംശയാസ്പദമായി പെരുമാറുന്ന ഒരാളിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും നോർഫോക്കിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിന് സമീപത്തുനിന്ന് 39കാരനായ അലക്സ് ജെൻകിൻസണെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയതും കസ്റ്റഡിയിൽ രക്തസാമ്പിൾ നൽകാൻ വിസമ്മതിച്ചതുമുൾപ്പെടെ രണ്ട് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

നടക്കാനിറങ്ങിയപ്പോൾ മുഖം മൂടിയ ഒരാൾ ആൻഡ്രൂവിനെ ഭീഷണിപ്പെടുത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം വാഹനത്തിലേക്ക് ഓടിക്കയറിയതായും റിപ്പോർട്ടിലുണ്ട്. സഫോകിലെ സ്റ്റൗമാർക്കറ്റിൽ താമസിക്കുന്ന അലക്സ് ജെൻകിൻസൺ വെള്ളിയാഴ്ച നോർവിച്ചിനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇയാളെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.
ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് രാജകീയ ചുമതലകളിൽ നിന്ന് പിന്മാറിയ ആൻഡ്രൂ മൗണ്ട്ബാറ്റൻ – വിൻഡ്സർ അടുത്തിടെയാണ് വിൻഡ്സറിലെ റോയൽ ലോഡ്ജ് വിട്ട് സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ മാർഷ് ഫാമിലേക്ക് താമസം മാറിയത്. എപ്സ്റ്റീൻ വിവാദത്തെ തുടർന്ന് കഴിഞ്ഞ വർഷം രാജാവ് അദ്ദേഹത്തിന്റെ പ്രിൻസ് പദവിയും ഡ്യൂക്ക് ബഹുമതിയും പിൻവലിച്ചിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ആൻഡ്രൂവിന്റെ നിലപാട്.











Leave a Reply