ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നേരിട്ടതോടെ പ്രധാനമന്ത്രി കിയർ സ്റ്റാർമർക്കെതിരെ ലേബർ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ച രാത്രി വരെ 22 ലേബർ എംപിമാർ സ്റ്റാർമർ രാജിവെക്കുകയോ പിന്മാറ്റത്തിനുള്ള സമയക്രമം പ്രഖ്യാപിക്കുകയോ വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. പാർട്ടിയുടെ സ്വകാര്യ ചർച്ചകളിലും സ്റ്റാർമറിനെതിരെ വിമർശനം ഉയരുന്നതായാണ് റിപ്പോർട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്റ്റാർമറുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ് അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. 2019ലെ പരാജയത്തിന് ശേഷം പാർട്ടിക്കായി വൻ ഭൂരിപക്ഷ വിജയം സ്റ്റാർമർ കൈവരിച്ചുവെന്നാണ് സ്ട്രീറ്റിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം മുൻ ഗതാഗത സെക്രട്ടറി ലൂയിസ് ഹൈഗ് ഇപ്പോൾ നേതൃത്വ പോരാട്ടത്തിനുള്ള സമയമല്ലെന്ന് വ്യക്തമാക്കി. എന്നാൽ സ്റ്റാർമർ തന്റെ സമീപനം മാറ്റിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കാൻ കഴിയില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

ലേബറിന്റെ ‘സോഫ്റ്റ് ലെഫ്റ്റ്’ വിഭാഗത്തിൽ സ്വാധീനമുള്ള ശബ്ദമായ ലൂയിസ് ഹൈഗ് ആൻഡി ബേൺഹാം അനുകൂലികളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. സ്റ്റാർമറുടെ പ്രധാന വെല്ലുവിളിക്കാരനായി ബേൺഹാമിനെ ചില എംപിമാർ കാണുന്നുവെന്നാണ് വിലയിരുത്തൽ. ഇതിനിടെ തിരഞ്ഞെടുപ്പ് തിരിച്ചടി “കടുത്ത മുന്നറിയിപ്പ്” ആണെന്ന് സമ്മതിച്ച സ്റ്റാർമർ, രാജിവെച്ച് രാജ്യത്തെ അരാജകതയിലേക്ക് തള്ളിക്കളയില്ലെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ആഘാതം കുറഞ്ഞതിന് ശേഷം അടുത്ത ആഴ്ച മുതൽ ഭരണത്തിന് പുതിയ ദിശ നൽകാനുള്ള നീക്കങ്ങൾ സ്റ്റാർമർ ആരംഭിക്കുമെന്നാണ് സൂചന.