ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർക്കെതിരായ അതൃപ്തി ലേബർ പാർട്ടിക്കുള്ളിൽ പുകയുന്നു. പാർട്ടിയിലെ ഒരു വിഭാഗം എംപിമാർ തന്നെ സ്റ്റാർമർ പദവി ഒഴിയണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ചുറ്റിപ്പറ്റി വിവിധ സാധ്യതകളാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്. മുൻ മന്ത്രി കാതറിൻ വെസ്റ്റ് നേതൃത്വ തിരഞ്ഞെടുപ്പിന് നീക്കം നടത്തുന്നതിനാണ് പ്രധാന സാധ്യത. പാർട്ടിയിലെ 81 എംപിമാരുടെ പിന്തുണ ലഭിച്ചാൽ ഔദ്യോഗിക നേതൃത്വ മത്സരത്തിലേക്ക് കാര്യങ്ങൾ നീങ്ങും. അതേസമയം വെസ് സ്ട്രീറ്റിങ്, ആഞ്ചല റെയ്നർ തുടങ്ങിയ പ്രമുഖർ അവസരം നോക്കി കാത്തിരിക്കുകയാണെന്ന വിലയിരുത്തലും ശക്തമാണ്.

വെസ്റ്റിന് ആവശ്യത്തിന് പിന്തുണ ലഭിക്കാത്ത സാഹചര്യം സ്റ്റാർമറിന് താൽക്കാലിക ആശ്വാസമാകാമെങ്കിലും വിമർശനങ്ങൾ അവസാനിക്കില്ലെന്നാണ് സൂചന. ചില എംപിമാർ സ്റ്റാർമറെ സമയക്രമം നിശ്ചയിച്ച് പദവി ഒഴിയാൻ നിർബന്ധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ അത്തരമൊരു സാഹചര്യം അദ്ദേഹത്തെ അധികാരത്തിൽ തുടരുന്നെങ്കിലും സ്വാധീനം നഷ്ടപ്പെട്ട പ്രധാനമന്ത്രിയാക്കി മാറ്റുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്. ഇതിന് പുറമെ മന്ത്രിസഭാ രാജികൾ ഉണ്ടായാൽ സമ്മർദം കൂടുതൽ ശക്തമാകും. തിങ്കളാഴ്ച സ്റ്റാർമർ നടത്തുന്ന നിർണായക പ്രസംഗവും ബുധനാഴ്ച അവതരിപ്പിക്കുന്ന കിങ്സ് സ്പീച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹം വീണ്ടും പാർലമെന്റിലേക്ക് മടങ്ങി നേതൃത്വ പോരാട്ടത്തിൽ ഇറങ്ങുമെന്ന ചർച്ചയും സജീവമാണ്. അതിന് ഒരു ലേബർ എംപി രാജിവച്ച് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കേണ്ടിവരും. അതേസമയം, പാർട്ടിയെ വീണ്ടും ഒറ്റക്കെട്ടാക്കാൻ സ്റ്റാർമറിന് കഴിയുമെന്ന പ്രതീക്ഷയും ഒരു വിഭാഗം നേതാക്കൾക്കുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് തിരിച്ചടിയും ഉയരുന്ന ആഭ്യന്തര വിമർശനവും കണക്കിലെടുക്കുമ്പോൾ സ്റ്റാർമർ സ്വമേധയാ രാജിവെക്കേണ്ട സാഹചര്യം വരാമെന്ന സാധ്യതയും ബ്രിട്ടീഷ് മാധ്യമങ്ങൾ തള്ളിക്കളയുന്നില്ല. 2024ലെ വൻവിജയത്തോടെ അധികാരത്തിലെത്തിയ സ്റ്റാർമറിന് ഇപ്പോൾ നേരിടേണ്ടി വരുന്നത് പ്രധാനമന്ത്രിയായ ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായാണ് വിലയിരുത്തപ്പെടുന്നത്.











Leave a Reply