ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടന്‍: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനെതിരെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാകുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേര്‍നം പാര്‍ലമെന്റിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്നതായും തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനായി മത്സരിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മേക്കര്‍ഫീല്‍ഡ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ബേര്‍ണത്തിന്റെ നീക്കം. ഇതിനായി നിലവിലെ എം.പി ജോഷ് സൈമണ്‍സ് രാജിവെക്കാന്‍ തയ്യാറായതും ശ്രദ്ധേയമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലേബര്‍ നേതൃത്വ തെരഞ്ഞെടുപ്പ് നടന്നാല്‍ താനും മത്സരിക്കുമെന്ന് മുന്‍ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി. സ്റ്റാര്‍മറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ ദിശയില്ലെന്ന വിമര്‍ശനവുമായി സ്ട്രീറ്റിങ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചിരുന്നു. ലേബര്‍ ഉപനേതാവ് ലൂസി പവലും ബേര്‍ണത്തിന്റെ പാര്‍ലമെന്റ് തിരിച്ചുവരവിനെ തുറന്നു പിന്തുണച്ചു. ബേര്‍ണത്തെ മത്സരത്തില്‍നിന്ന് തടയാന്‍ ശ്രമിക്കില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ സൂചനകളുണ്ട്.

ഇതിനിടെ, ലേബര്‍ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരമാണെന്ന് യോര്‍ക്ക് ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക് മേയര്‍ ഡേവിഡ് സ്കൈത്ത് പ്രതികരിച്ചു. ജനങ്ങളുമായി പാര്‍ട്ടിക്ക് ബന്ധം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു . അതേസമയം, റീഫോം യു.കെ പാര്‍ട്ടി മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ശക്തമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു. സ്റ്റാര്‍മറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം ശക്തമാകുന്നതിനിടെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവിനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.