ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടന്‍: ബ്രിട്ടനിലെ സൗത്ത്പോര്‍ട്ട് നഗരത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന കത്തി ആക്രമണത്തില്‍ പരിക്കേറ്റവരുടെ മെഡിക്കല്‍ രേഖകള്‍ അനുമതിയില്ലാതെ ആശുപത്രി ജീവനക്കാര്‍ പരിശോധിച്ചതായി ഗുരുതര വെളിപ്പെടുത്തല്‍ പുറത്തുവന്നു . എന്‍.എച്ച്.എസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് ലിവര്‍പൂള്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള എയിന്റ്രീ ആശുപത്രിയിലെ 48 ജീവനക്കാരാണ് രോഗികളുടെ വിവരങ്ങള്‍ അനാവശ്യമായി പരിശോധിച്ചതെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചു. 2024 ജൂലൈയില്‍ കുട്ടികളുടെ ഡാന്‍സ് ക്ലാസില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അധ്യാപിക ലിയാന്‍ ലൂക്കസ് ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളാണ് ചോര്‍ന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയായ ലിയാന്‍ ലൂക്കസ് സ്വകാര്യത ലംഘിക്കപ്പെട്ടതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. “എന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ബലമായ സമയത്ത് വിശ്വാസം വഞ്ചിക്കപ്പെട്ടു” എന്നാണ് അവര്‍ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ രണ്ടു വര്‍ഷത്തോളം വിവരം മറച്ചുവച്ചതായും അവര്‍ ആരോപിച്ചു. വിവരാവകാശ കമ്മിഷനെ 2024ല്‍ തന്നെ വിവരം അറിയിച്ചിരുന്നുവെങ്കിലും തന്നെ ഇപ്പോള്‍ മാത്രമാണ് അറിയിച്ചതെന്ന് ലൂക്കസ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പങ്കുണ്ടായ ജീവനക്കാര്‍ക്കെതിരെ ശാസന നടപടികള്‍ സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആരെയും പിരിച്ചുവിട്ടില്ല. രോഗികളുടെ മാനസികാവസ്ഥ പരിഗണിച്ചാണ് വിവരം ഉടന്‍ അറിയിക്കാതിരുന്നതെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. സംഭവത്തില്‍ ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കളും നിയമ വിദഗ്ധരും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. രോഗികളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി കൂടുതല്‍ കര്‍ശന നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.