ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ കെയർ വർക്കറായി ജോലി ചെയ്യാനെത്തിയ മലയാളി യുവാവിന് ഒരു വർഷക്കാലം ജോലി നൽകാതിരുന്ന സംഭവത്തിൽ തൊഴിലുടമയ്‌ക്കെതിരെ ചരിത്രപരമായ വിധി വന്നു . കേരളത്തിൽ നിന്നുള്ള ഷാബിൻ ഷാജിക്ക് ഏകദേശം 30,000 പൗണ്ട് (ഏകദേശം 34 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ തൊഴിൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. ജോലി ചെയ്യാൻ തയ്യാറായിരുന്നിട്ടും ഒരു ദിവസത്തെ ജോലി പോലും നൽകാതിരുന്നത് നിയമവിരുദ്ധമാണെന്ന് ട്രൈബ്യൂണൽ കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2023-ൽ കെയർ വർക്കർ വിസയിൽ ഇംഗ്ലണ്ടിലെ സ്റ്റാഫോർഡിലെത്തിയ ഷാബിൻ, ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കാർ വാങ്ങുകയും പരിശീലനം പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ സ്പോൺസർ ചെയ്തിരുന്ന കെയർ കമ്പനി ഒരു ഷിഫ്റ്റ് പോലും നൽകിയില്ല. മറ്റൊരിടത്ത് ജോലി ചെയ്യുന്നതിനും വിസ വ്യവസ്ഥകൾ തടസ്സമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അദ്ദേഹത്തിന് ഭക്ഷണത്തിനും ജീവിക്കാൻ പോലും ചാരിറ്റി സംഘടനകളെയും ഫുഡ് ബാങ്കുകളെയും ആശ്രയിക്കേണ്ടിവന്നു. ഒടുവിൽ മറ്റൊരു തൊഴിലുടമയുടെ സ്പോൺസർഷിപ്പ് ലഭിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

കേസിൽ ഷാബിന്റെ വാദം അംഗീകരിച്ച ട്രൈബ്യൂണൽ കുടിശ്ശിക വേതനം, അവധിവേതനം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെ 28,843 പൗണ്ടും അധിക ചെലവായി 8,700 പൗണ്ടും നൽകാൻ കമ്പനിയോട് നിർദേശിച്ചു. കമ്പനിയുടെ സ്പോൺസർഷിപ്പ് ലൈസൻസ് 2024-ൽ റദ്ദാക്കിയതായും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. യുകെയിലേക്ക് വലിയ തുക ചെലവഴിച്ച് എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾ നേരിടുന്ന ചൂഷണത്തിന്റെ ഗുരുതര ഉദാഹരണമാണ് ഈ കേസെന്ന് തൊഴിലാളി അവകാശ പ്രവർത്തകർ പറഞ്ഞു.