ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ അണ്ടർഗ്രൗണ്ട് (ട്യൂബ്) ട്രെയിൻ ഡ്രൈവർമാരുടെ പണിമുടക്കുകൾ നിശ്ചയിച്ച പ്രകാരം ഇന്ന് ചൊവ്വാഴ്ചയും വ്യാഴാഴ്ചയും നടക്കും. നാല് ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കാനുള്ള പദ്ധതിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്, റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്‌പോർട്ട് (RMT) യൂണിയൻ അംഗങ്ങളാണ് സമരത്തിൽ പങ്കെടുക്കുന്നത്. സമരം ഒഴിവാക്കുന്നതിനായി നടത്തിയ അവസാനഘട്ട ചർച്ചകൾ എങ്ങുമെത്താതെ അവസാനിച്ചതോടെയാണ് പണിമുടക്ക് ഉറപ്പായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൊഴിലാളികളുടെ ജോലിസമയം വർധിക്കാനും ഡ്രൈവർമാരുടെ വിശ്രമ സമയം കുറയാനും സാധ്യതയുണ്ടെന്ന ആശങ്കകൾക്ക് ആവശ്യമായ ഉറപ്പുകൾ നൽകുന്നതിൽ ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ (TfL) പരാജയപ്പെട്ടുവെന്ന് ആർ എം റ്റി യൂണിയൻ ആരോപിച്ചു. അതേസമയം, സമരനടപടി നിരാശാജനകമാണെങ്കിലും ട്യൂബ് സർവീസുകളുടെ പകുതിയെങ്കിലും നടത്താൻ ശ്രമിക്കുമെന്ന് ടി എഫ് എൽ അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെ മുതൽ സമരം ആരംഭിച്ചു . ഇതുമൂലം സർവീസുകളിൽ വലിയ തടസ്സം നേരിടും. സർക്കിൾ, പിക്കഡിലി ലൈനുകൾ പൂർണ്ണമായും നിർത്തിവയ്ക്കുകയും മെട്രോപൊളിറ്റൻ, സെൻട്രൽ ലൈനുകളുടെ ചില ഭാഗങ്ങളിൽ സർവീസ് തടസ്സപ്പെടുകയും ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ബസുകൾ, ഓവർഗ്രൗണ്ട്, എലിസബത്ത് ലൈൻ, ഡി എൽ ആർ, ട്രാം സർവീസുകൾ തുടരുമെങ്കിലും സാധാരണയേക്കാൾ കൂടുതൽ തിരക്ക് അനുഭവപ്പെടുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.