ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രമം തെറ്റിയതോ ദീർഘ ഇടവേളകളിലോ വരുന്ന മാസമുറ അനുഭവിക്കുന്ന സ്ത്രീകളെ പിഎംഒഎസ് (Polyendocrine Metabolic Ovarian Syndrome) എന്ന അവസ്ഥയ്ക്കായി പരിശോധിക്കണമെന്ന് ബ്രിട്ടനിലെ എൻഎച്ച്എസ് പുതിയ മാർഗനിർദേശ കരടിൽ നിർദേശിച്ചു. മുമ്പ് പിസിഒഎസ് (Polycystic Ovary Syndrome) എന്നറിയപ്പെട്ടിരുന്ന ഈ രോഗാവസ്ഥ യുകെയിൽ 30 മുതൽ 40 ലക്ഷം വരെ സ്ത്രീകളെ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നതും ചികിത്സയിൽ ഏകീകരണക്കുറവ് നിലനിൽക്കുന്നതുമാണ് ആശങ്കയെന്ന് മാർഗനിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രായപൂർത്തിയായ സ്ത്രീകളിൽ ഏകദേശം 13 ശതമാനം പേരെ വരെ ബാധിക്കുന്ന പിഎംഒഎസിന്റെ പ്രധാന ലക്ഷണങ്ങളിൽ ക്രമരഹിതമായ മാസമുറ, അമിതമായ ആൻഡ്രജൻ ഹോർമോണുകളുടെ സാന്നിധ്യം, അണ്ഡാശയങ്ങളിൽ ഒന്നിലധികം ചെറിയ ഫോളിക്കിളുകൾ എന്നിവ ഉൾപ്പെടുന്നു. ഈ അവസ്ഥ മൂലം ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗങ്ങൾ, ഫാറ്റി ലിവർ, സ്ലീപ് അപ്നിയ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ഗർഭകാല സങ്കീർണതകൾ, വന്ധ്യത തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും വർധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

10 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾ, പ്രായപൂർത്തിയായ സ്ത്രീകൾ, ലിംഗമാറ്റ ചികിത്സ സ്വീകരിക്കാത്ത ട്രാൻസ് പുരുഷന്മാർ, നോൺ-ബൈനറി വ്യക്തികൾ എന്നിവരെയും പുതിയ മാർഗനിർദേശം ഉൾക്കൊള്ളുന്നു. രോഗനിർണയത്തിനായി ഹോർമോൺ പരിശോധനകളും ചില സാഹചര്യങ്ങളിൽ അൾട്രാസൗണ്ട് പരിശോധനയും നടത്തണമെന്ന് നിർദേശിക്കുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടവർക്കായി വാർഷിക ആരോഗ്യപരിശോധന, ഹൃദയാരോഗ്യവും മാനസികാരോഗ്യവും വിലയിരുത്തൽ എന്നിവയും ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കരട് മാർഗനിർദേശത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായ ശേഖരണം ഓഗസ്റ്റ് 11 വരെ തുടരുമെന്നും അന്തിമ മാർഗനിർദേശം ഡിസംബറിൽ പുറത്തിറങ്ങുമെന്നും അധികൃതർ അറിയിച്ചു.