റോമി കുര്യാക്കോസ്
ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പുതുയുഗ സംഗമം 2026’ ഫാമിലി മീറ്റ് ഓൾഡ്ഹാമിലെ ‘ഉമ്മൻ ചാണ്ടി സ്മൃതി നഗറി’ൽ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. ചടങ്ങ് ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തിന്റെ ഐക്യവും സാമൂഹിക പ്രതിബദ്ധതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. മറിയ ഉമ്മൻ പറഞ്ഞു. കുടുംബബന്ധങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും ഒരുപോലെ ഊന്നൽ നൽകുന്ന വേദിയായി ‘പുതുയുഗ സംഗമം 2026’ മാറിയെന്നും അവർ അഭിപ്രായപ്പെട്ടു.

ഐ ഓ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ റോമി കുര്യാക്കോസ് സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ചു. ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അജിത് വെണ്മണി, സെക്രട്ടറി ബോബിൻ ഫിലിപ്പ്, നിർവാഹക സമിതി അംഗം ഷോബിൻ സാം, ഐ ഓ സി ( യു കെ) നേതാക്കന്മാരായ സാബു ജോർജ്, ജോർജ് ജോസഫ്, സാജു മണക്കുഴി, സണ്ണിമോൻ മത്തായി, ഷാജി വരകുടി ഉൾപ്പെടെ വിവിധ നേതാക്കൾ ആശംസാപ്രസംഗങ്ങൾ നടത്തി. ഓൾഡ്ഹാം യൂണിറ്റ് വൈസ് പ്രസിഡന്റ് ജിതിൻ ജയിംസ് നന്ദി രേഖപ്പെടുത്തി.

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ചരിത്ര വിജയത്തിന്റെ ആഘോഷവും പൊതുസമ്മേളനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ വനിതാ – യൂത്ത് വിങ്ങുകളുടെ രൂപീകരണവും പ്രഖ്യാപിച്ചു. വനിതാ – യൂത്ത് വിങ്ങുകളുടെ കോർഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഡോ. മറിയ ഉമ്മൻ ചുമതലാപത്രം കൈമാറി.
ചടങ്ങുകളോടനുബന്ധിച്ച് പുതുയുഗ കേരളം 2026′ എന്ന് അലേഖനം ചെയ്ത കേക്ക് വേദിയിൽ മുറിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത സാംസ്കാരിക പരിപാടികൾ സംഗമത്തിന് കൂടുതൽ നിറം പകർന്നു. വിദ്യാർത്ഥിനികളായ മേഘ സുരേഷ്, ആൻസ് മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ നൃത്തോപഹാരവും ഐ ഓ സി ഭാരവാഹികളായ ബെന്നി ജോസഫ്, നികിത മറിയം കോശി എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ ഗാനോപഹാരവും ഡി ജെയും വേദിയെ വർണ്ണാഭമാക്കി.
വിവിധ മേഖലകളിൽ മാതൃകാപരമായ സേവനങ്ങൾ കാഴ്ചവച്ച വ്യക്തികൾ, ഐ ഓ സി യൂണിറ്റുകൾ, മുതിർന്ന നേതാക്കൾ എന്നിവർക്കുള്ള ഐ ഒ സി കർമ്മശ്രേഷ്ഠ, സംഘടനാശ്രേഷ്ഠ, സേവാശ്രേഷ്ഠ പുരസ്കാരങ്ങൾ ഡോ. മറിയ ഉമ്മൻ വിതരണം ചെയ്തു.

അതിജീവിതത്തിന്റെയും മനക്കരുത്തിന്റെയും സേവനത്തിന്റെയും മാതൃകയായ ഓൾഡ്ഹാം എൻ എച് എസിലെ നേഴ്സ് ആശ ചെറിയാൻ, സ്കോട്ട്ലാൻഡിൽ നിന്നുമുള്ള ചാരിറ്റി – സാമൂഹിക പ്രവർത്തകൻ സുനിൽ കെ ബേബി, കുട്ടികൾക്ക് സൗജന്യ ഗണിതശാസ്ത്ര ഡൌട്ട് ക്ലിയറിങ് സെഷനുകൾ നടത്തുന്ന എഡിൻബറോയിലെ ഡയാന പോളി എന്നിവർ കർമ്മശ്രേഷ്ട്ര പുരസ്കാരത്തിനും പറവൂരിലെ ഭവനരഹിത കുടുംബത്തിന് അടച്ചുറപ്പുള്ള ഭവനം നിർമിച്ചു നൽകുകയും കുട്ടികൾക്ക് ‘മധുരം മലയാളം’ പ്രൊജക്റ്റ് വിജയകരമായി പൂർത്തീകരിച്ച പീറ്റർബോറോ യൂണിറ്റ്, ബോൾട്ടൻ കൗൺസിലുമായി ചേർന്ന് തെരുവ് ശുചീകരണ പ്രവർത്തനങ്ങൾക്കും ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി’നും നേതൃത്വം നൽകുന്ന ബോൾട്ടൻ യൂണിറ്റ്, വിവിധ സാമൂഹിക – ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്കോട്ട്ലാൻഡ് യൂണിറ്റ്, കേരള ചാപ്റ്ററിന്റെ രക്തദാന വിങ്ങിന് നേതൃത്വം നൽകുന്ന ബാൺസ്ലി യൂണിറ്റ് തുടങ്ങിയ യൂണിറ്റുകൾ സംഘടനാശ്രേഷ്ട്ര പുരസ്കാരത്തിനും അർഹമായി. ഐ ഓ സി (യു കെ) – ലെസ്റ്റർ യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറയുടെ പുത്രിയും എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ നേഹാൽ ജഗൻ ഉമ്മൻ ചാണ്ടിയുടെ ജീവിതം ആസ്പദമാക്കി വരച്ച ചിത്രം വേദിയിൽ അനാഛാദനം ചെയ്തു.
ഐ ഓ സി (യു കെ)യുടെ മുതിർന്ന നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായ പുഷ്പരാജൻ, ഷാജി വരകുടി, ഷാജി ഐപ്പ് കുര്യൻ, ബെന്നി ജോസഫ്, സാബു ജോർജ്, ജോർജ് ജോസഫ്, സാജു മണക്കുഴി, സണ്ണിമോൻ മത്തായി, ജോഷി വർഗീസ്, ഐ ഓ സി (യു കെ) – ബാൺസ്‌ലി യൂണിറ്റിന്റെ രക്തദാന വോളന്റിയർമാരായ ബിബിൻരാജ് കുരീക്കൻപാറ, രാജുൽ രമണൻ, വിനീത്, സംഘാടക സമിതിയെ പ്രതിനിധീകരിച്ച് ജിതിൻ ജയിംസ്, രഞ്ജിത്, യൂണിറ്റ് പ്രസിഡന്റുമാർ, പുതിയതായി ചുമതലയേറ്റ വനിതാ – യൂത്ത് കോർഡിനേറ്റർമാർ എന്നിവരെയും ഡോ. മറിയ ഉമ്മൻ വേദിയിൽ ആദരിച്ചു.
മിഡ്‌ലാൻഡ്സ് മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികൾ, പ്രവർത്തകർ, വനിതാ-യുവജന പ്രതിനിധികൾ, കുടുംബാംഗങ്ങൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. പ്രവാസി മലയാളികളുടെ ഐക്യവും സംഘടനാ കരുത്തും വിളിച്ചോതിയ ശ്രദ്ധേയമായ കുടുംബസംഗമമായാണ് ‘പുതുയുഗ സംഗമം 2026’ സമാപിച്ചത്. കുടുംബ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കുമുള്ള സ്നേഹവിരുന്നും സംഘാടകർ ഒരുക്കിയിരുന്നു.











Leave a Reply