ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഭവനരഹിതരുടെ എണ്ണം 2030ഓടെ 25 ശതമാനം വരെ ഉയരാനിടയുണ്ടെന്ന് പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. നിലവിലുള്ള സാഹചര്യം തുടർന്നാൽ ഏകദേശം 50,000 പേർ കൂടി ഭവനരഹിതരാകുമെന്നാണ് ഐപിപിആർ നോർത്ത് (IPPR North) ചിന്താകേന്ദ്രവും ക്രൈസിസ് (Crisis) എന്ന സന്നദ്ധസംഘടനയും ചേർന്ന് തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ തന്നെ 1.8 ലക്ഷത്തിലധികം ആളുകൾ ഭവനരഹിതരായ സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ അനിവാര്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രശ്നം പരിഹരിക്കാൻ ദീർഘകാല താമസസൗകര്യങ്ങൾ ഉറപ്പാക്കുന്ന ‘ഹൗസിംഗ് ഫസ്റ്റ്’ മാതൃക രാജ്യവ്യാപകമായി നടപ്പാക്കണമെന്നും ഗ്രേറ്റർ മാഞ്ചസ്റ്ററിൽ വിജയകരമായി നടപ്പാക്കിയ ‘എ ബെഡ് എവറി നൈറ്റ്’ പദ്ധതി വ്യാപിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. താൽക്കാലിക താമസസൗകര്യങ്ങൾക്കായി മാത്രം വൻതുക ചെലവഴിക്കുന്ന നിലവിലെ രീതി ഫലപ്രദമല്ലെന്നും പഠനം വിലയിരുത്തുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താനൊരുങ്ങുന്ന ആൻഡി ബേൺഹം ഭവനരഹിതത്വം കുറയ്ക്കാനും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ കൗൺസിൽ ഭവനനിർമാണ പദ്ധതി നടപ്പാക്കാനുമുള്ള വാഗ്ദാനം നൽകിയിട്ടുണ്ട്. അതേസമയം, താൽക്കാലിക താമസസൗകര്യങ്ങൾക്കായി പ്രാദേശിക കൗൺസിലുകൾ 2024-25 ൽ മാത്രം 1.3 ബില്യൺ പൗണ്ട് ചെലവഴിച്ചുവെന്നും ഇത് പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.











Leave a Reply