ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡബ്ലിൻ: അയർലൻഡ് – യുകെ അതിർത്തിക്ക് സമീപം സൈനിക നിലവാരത്തിലുള്ള സ്ഫോടകവസ്തു പിടിച്ചെടുത്ത സംഭവത്തിൽ 25 -കാരിയായ നിയമ വിദ്യാർഥിനിക്കെതിരെ കേസ്. കൗണ്ടി കിൽഡെയറിലെ ക്ലെയ്ൻ സ്വദേശിനിയായ ഐസൊബെല്ല പെറി സള്ളിവനെ സ്ഫോടകവസ്തുക്കൾ കൈവശം വച്ചെന്ന കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയതായി അയർലൻഡ് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റൊരാൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്നും അധികൃതർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. കൗണ്ടി മോനഹാനിലെ കാരിക്ക്മാക്രോസിന് സമീപം ദേശീയപാതയിൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. പിടിച്ചെടുത്ത സ്ഫോടകവസ്തു അത്യന്തം സങ്കീർണമായ രീതിയിൽ നിർമ്മിച്ചതാണെന്നും അതിൽ ഡിറ്റണേറ്റർ, പവർ യൂണിറ്റ്, സെംടെക്‌സ് വിഭാഗത്തിൽപ്പെടുന്ന സൈനിക നിലവാരത്തിലുള്ള സ്ഫോടകവസ്തുക്കൾ ഉൾപ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ബോംബ് ഉത്തര അയർലൻഡിൽ ആക്രമണത്തിനായി ഉപയോഗിക്കാനായിരുന്നു സാധ്യതയെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രാഥമിക നിഗമനം. 1998ലെ ഗുഡ് ഫ്രൈഡേ സമാധാന കരാറിനെ എതിർക്കുന്ന വിഘടനവാദ റിപ്പബ്ലിക്കൻ വിഭാഗങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. പിടിച്ചെടുത്ത സ്ഫോടകവസ്തുവിന് വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കാൻ ശേഷിയുണ്ടായിരുന്നുവെന്ന് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി പറഞ്ഞു. കേസിൽ പ്രതിയായ വിദ്യാർഥിനിയെ തിങ്കളാഴ്ച നടക്കുന്ന ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.