ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: രാജാവ് ചാൾസ് ഹാരി രാജകുമാരനെ വീണ്ടും കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന സൂചനകൾ പുറത്തു വരുന്നതിനിടെ, സഹോദരനായ വില്യം രാജകുമാരന്റെ നിലപാട് അത്ര അനുകൂലമല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വർഷങ്ങളായി ഹാരി, ഭാര്യ മേഗൻ മാർക്കൽ, രാജകുടുംബം എന്നിവർക്കിടയിൽ നിലനിന്നിരുന്ന അകൽച്ചയ്ക്കുശേഷം, ജൂലൈ 10-ന് ഇരുവരും ചാൾസ് രാജാവിനെ ഹൈഗ്രോവ് വസതിയിൽ സന്ദർശിച്ചിരുന്നു. മക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും രാജാവ് നേരിൽ കാണുന്നത് 2022-ന് ശേഷമുള്ള ആദ്യ അവസരമായിരുന്നു ഇത്. ഏകദേശം രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ കുടുംബാംഗങ്ങൾ ഒരുമിച്ച് സമയം ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചയുടെ വിവരങ്ങളോ ചിത്രങ്ങളോ പുറത്തുവിടരുതെന്ന ധാരണ ഇരുപക്ഷത്തിനുമിടയിൽ ഉണ്ടായിരുന്നതായും ബക്കിംഗ്ഹാം കൊട്ടാരം കൂടിക്കാഴ്ച സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹാരി ഇതുവരെ ഈ കൂടിക്കാഴ്ചയെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.
ഹാരിയുടെ ബ്രിട്ടൻ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ വിഷയം വീണ്ടും വൻ ചർച്ചാ വിഷയം ആയിരുന്നു. ഭാര്യയെയും മക്കളെയും ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ ആവശ്യമായ സുരക്ഷ ലഭിക്കുന്നില്ലെന്ന നിലപാടാണ് ഹാരി ഏറെക്കാലമായി സ്വീകരിച്ചിരുന്നത്. സർക്കാർ ചെലവിൽ പൊലീസ് സുരക്ഷ അനുവദിക്കണമെന്ന ആവശ്യവുമായി അദ്ദേഹം നൽകിയ നിയമപോരാട്ടവും വിജയിച്ചിരുന്നില്ല. ഈ സന്ദർശനത്തിന് മുമ്പ് സ്വകാര്യ സുരക്ഷാ സംഘം ഭീഷണികളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുകയും വീണ്ടും പൊലീസ് സുരക്ഷ ആവശ്യപ്പെടുകയും ചെയ്തെങ്കിലും സർക്കാർ നിലപാടിൽ മാറ്റമുണ്ടായില്ല. എന്നിരുന്നാലും, ഈ സന്ദർശനത്തിനിടെ യാതൊരു സുരക്ഷാ പ്രശ്നവും ഉണ്ടായില്ലെന്നത് ഹാരിയുടെ വാദത്തെ ചോദ്യം ചെയ്യുന്നതായും ചില രാജകുടുംബ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

രാജാവ് ചാൾസുമായുള്ള കൂടിക്കാഴ്ച പ്രധാനമായും കുടുംബസംഗമമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കുക എന്നതായിരുന്നു ചാൾസിന്റെ പ്രധാന ലക്ഷ്യം. ആർച്ചിക്കും ലിലിബെറ്റിനും തന്റെ ബാല്യകാല ഓർമ്മകൾ ഹാരി പങ്കുവെച്ചതായും ഹൈഗ്രോവ് തോട്ടങ്ങളും മരവീടും സ്വിമ്മിങ് പൂളും കുട്ടികൾക്ക് കാണിച്ചുകൊടുത്തതായും റിപ്പോർട്ടുകളുണ്ട്. പിതാവും മകനും തമ്മിൽ ഔദ്യോഗിക വിഷയങ്ങളേക്കാൾ കുടുംബകാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും വിലയിരുത്തപ്പെടുന്നു. ഈ കൂടിക്കാഴ്ചയിലൂടെ രാജകുടുംബവുമായി കൂടുതൽ അടുക്കാനാണ് ഹാരിയുടെയും മേഗന്റെയും ശ്രമമെന്നാണ് റിപ്പോർട്ടുകൾ. രാജകുടുംബത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കാതെ, വിദേശത്ത് സ്വന്തം ജീവിതവും വരുമാനവും തുടരുന്നതിനൊപ്പം ബ്രിട്ടനിൽ ചില ഔദ്യോഗികവും ജീവകാരുണ്യപരവുമായ ചുമതലകൾ വഹിക്കാനുള്ള ‘ഹാഫ്-ഇൻ, ഹാഫ്-ഔട്ട്’ മാതൃകയോടുള്ള താൽപര്യം ദമ്പതികൾക്കുണ്ടെന്നാണ് സൂചന. എന്നാൽ അന്തരിച്ച എലിസബത്ത് രാജ്ഞി നേരത്തേ തന്നെ അത്തരം സംവിധാനത്തിന് അനുമതി നിഷേധിച്ചിരുന്നു.

ഹാരിയുടെ തിരിച്ചുവരവിനോട് വില്യം രാജകുമാരൻ ഇപ്പോഴും കടുത്ത നിലപാടിലാണ് എന്നാണ് രാജകുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ചാൾസ് മകനുമായി ബന്ധം മെച്ചപ്പെടുത്താൻ തയ്യാറാണെങ്കിലും വില്യമിനും ഭാര്യ കേറ്റിനും ഹാരിയെയും മേഗനെയും കാണാൻ താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ഭാവിയിൽ രാജാവാകുന്ന വില്യം രാജകുടുംബത്തിന്റെ പ്രവർത്തനം കൂടുതൽ ചുരുക്കാൻ ആഗ്രഹിക്കുന്നതിനാൽ ഹാരിക്കും മേഗനും വീണ്ടും സജീവ രാജകുടുംബാംഗങ്ങളാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അതേസമയം, കുടുംബവുമായുള്ള അകൽച്ച അവസാനിപ്പിക്കണമെന്ന ആഗ്രഹം ഹാരിക്ക് ഇപ്പോഴും ഉണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.











Leave a Reply