ന്യൂസ് ഡെസ്ക്, മലയാളം യുകെ

മൗൻജാരോയുടെ നിർമാതാക്കളായ എലി ലില്ലി വികസിപ്പിച്ച പുതിയ ഭാരം കുറയ്ക്കൽ ഗുളികയായ ‘ഫൗണ്ടായോ’ (ഓർഫോർഗ്ലിപ്രോൺ) ബ്രിട്ടനിൽ ഇന്ന് മുതൽ ലഭ്യമാകും. ദിവസത്തിൽ ഒരുതവണ കഴിക്കാവുന്ന ഗുളികയ്ക്ക് രണ്ടാഴ്ച മുമ്പാണ് ബ്രിട്ടീഷ് റെഗുലേറ്റർമാർ അനുമതി നൽകിയത്. നിലവിൽ സ്വകാര്യ പ്രിസ്‌ക്രിപ്ഷൻ വഴിയാണ് മരുന്ന് ലഭിക്കുക. അമിതവണ്ണമോ അമിതഭാരത്തോടൊപ്പം ആരോഗ്യപ്രശ്‌നങ്ങളോ ഉള്ളവർക്ക് ഓൺലൈൻ, ഹൈസ്ട്രീറ്റ് ഫാർമസികൾ വഴി വിലയിരുത്തലിന് അപേക്ഷിക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏറ്റവും കുറഞ്ഞ 0.8 മില്ലിഗ്രാം ഡോസിന് ആദ്യ മാസത്തിൽ ഏകദേശം 64 പൗണ്ടും ഉയർന്ന 17.2 മില്ലിഗ്രാം ഡോസിന് 169 പൗണ്ടുമാണ് ചെലവ്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 72 ആഴ്ചയ്ക്കിടെ ശരീരഭാരത്തിൽ ശരാശരി 12 ശതമാനം കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മൗൻജാരോയിലൂടെ റിപ്പോർട്ട് ചെയ്ത 20 ശതമാനം വരെ ഭാരക്കുറവിനെ അപേക്ഷിച്ച് ഇത് കുറവാണ്. ഭക്ഷണത്തിനോ പാനീയത്തിനോ ഒപ്പം കഴിക്കണമെന്ന നിബന്ധനയില്ലെന്നതും ദിവസത്തിലെ ഏത് സമയത്തും ഉപയോഗിക്കാമെന്നതുമാണ് പുതിയ ഗുളികയുടെ പ്രധാന പ്രത്യേകത.

എൻഎച്ച്എസിൽ മരുന്ന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യസേവന നിരീക്ഷണ ഏജൻസിയായ NICE-യുമായി ചർച്ചകൾ നടക്കുകയാണെന്ന് എലി ലില്ലി അറിയിച്ചു. അതേസമയം, എതിരാളിയായ നോവോ നോർഡിസ്കിന്റെ ‘വെഗോവി’ ഗുളിക ജൂണിൽ ബ്രിട്ടനിൽ പുറത്തിറക്കിയിരുന്നു. പുതിയ രോഗികൾക്കായി ബൂട്ട്സ് ഓൺലൈൻ ഡോക്ടർ സേവനം നൽകുന്ന പ്രിസ്‌ക്രിപ്ഷനുകളിൽ 47 ശതമാനവും നിലവിൽ വെഗോവി ഗുളികയ്ക്കാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ഡേവിഡ് ഗ്വിൻ പറഞ്ഞു.