ന്യൂസ് ഡെസ്ക്, മലയാളം യുകെ
1980കളുടെ അവസാനം ലണ്ടനിലെ ആൺകുട്ടികൾക്കായുള്ള സ്കൂളിൽ രണ്ട് കൗമാര വിദ്യാർഥികളെ അശ്ലീലമായി ആക്രമിച്ച കേസിൽ രസതന്ത്ര അധ്യാപിക കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. വടക്കൻ ലണ്ടനിലെ ക്രൈസ്റ്റ്സ് കോളജ് സ്കൂളിൽ അധ്യാപികയായിരുന്ന സാലി-ആൻ ബോവൻ 14നും 15നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളെയാണ് പീഡിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ഹെമൽ ഹെംപ്സ്റ്റെഡിൽ നിന്നുള്ള 65കാരിയായ ബോവനെതിരെ ഏഴ് കുറ്റങ്ങളിലാണ് ഹാരോ ക്രൗൺ കോടതി ഭൂരിപക്ഷ വിധിയിലൂടെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.

കേസിലെ പ്രധാന പരാതിക്കാരൻ അധ്യാപികയുമായി മാസങ്ങളോളം ലൈംഗിക ബന്ധത്തിലായിരുന്നെന്നും ഏകദേശം 20 മുതൽ 30 തവണ വരെ ലൈംഗിക ബന്ധമുണ്ടായെന്നും കോടതിയിൽ മൊഴി നൽകി. അധ്യാപിക തങ്ങളുടെ ബന്ധം രഹസ്യമാക്കി വയ്ക്കണമെന്ന് നിർദേശിച്ചിരുന്നതിനാൽ വർഷങ്ങളോളം ആരോടും ഇക്കാര്യം പറഞ്ഞില്ലെന്നും, സംഭവങ്ങൾ തന്റെ വിദ്യാഭ്യാസത്തെ തന്നെ തകർത്തുവെന്നും ഇയാൾ പറഞ്ഞു. മറ്റൊരു മുൻ വിദ്യാർഥിയും ബോവൻ ക്ലാസിൽ വിദ്യാർഥികളോട് ലൈംഗിക വിഷയങ്ങൾ സംസാരിക്കുകയും അധ്യാപികയെന്നതിലുപരി സുഹൃത്തിനെപ്പോലെ പെരുമാറുകയും ചെയ്തിരുന്നതായി കോടതിയിൽ മൊഴി നൽകി.
എന്നാൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് ബോവൻ കോടതിയിൽ നിഷേധിച്ചു. വിദ്യാർഥികളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും താൻ അവരോട് സൗഹൃദപരമായി മാത്രമാണ് പെരുമാറിയതെന്നും അവർ പറഞ്ഞു. കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ബോവന് നവംബർ 20ന് നടക്കുന്ന ശിക്ഷാവിധി വരെ ജാമ്യം അനുവദിച്ചു.











Leave a Reply