ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഓൺലൈൻ തട്ടിപ്പിലൂടെ സംസ്ഥാനത്ത് 106 പേരിൽനിന്നായി 1.25 കോടി രൂപ തട്ടിയെടുത്തതായി പരാതി. ‘പുസ്തകം വായിച്ച് പണം നേടാം’ എന്ന വാഗ്ദാനം നൽകി എൻടിഎൽ ടാസ്ക് ആപ്പ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. വാട്സാപ് വഴി ആപ്പിന്റെ ലിങ്ക് അയച്ചുനൽകി ആളുകളെ പദ്ധതിയിൽ ചേർക്കുകയായിരുന്നു. അംഗത്വത്തിനായി 1,800 രൂപ മുതൽ ലക്ഷങ്ങൾ വരെ പലരും നിക്ഷേപിച്ചു. ഇ-ബുക്കുകൾ വായിച്ച് ടാസ്ക് പൂർത്തിയാക്കിയാൽ 25 രൂപ ലഭിക്കുമെന്നും കൂടുതൽ പേരെ ചേർത്താൽ കമ്മീഷൻ ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

ആദ്യഘട്ടത്തിൽ ചിലർക്ക് പണം ലഭിച്ചതോടെ പദ്ധതിയിൽ വിശ്വാസം വർധിപ്പിക്കാനായെന്നാണ് പരാതിക്കാർ പറയുന്നത്. എന്നാൽ പിന്നീട് പണം പിൻവലിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബുധനാഴ്ച മാത്രമേ പണം പിൻവലിക്കാനാകൂ എന്നായിരുന്നു വ്യവസ്ഥ. പിന്നീട് പണം ലഭിക്കാതാവുകയും ആപ്പ് പ്രവർത്തനരഹിതമാവുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതൽ പേർ ഇരയായതെന്നാണ് വിവരം. മലപ്പുറം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിലും സമാന പരാതികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം തൊളിക്കോട് സ്വദേശി സനോഫർ ഉൾപ്പെടെ ആറ് പേർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.
തട്ടിപ്പിന് പിന്നിൽ വലിയ സംഘമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുകെ കമ്പനിയുടെ പേര് ഉപയോഗിച്ചാണ് പദ്ധതിക്ക് വിശ്വാസ്യത സൃഷ്ടിച്ചതെന്നും തട്ടിപ്പിന്റെ ബന്ധങ്ങൾ യുകെയിലേക്കും നീളുന്നുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു. വിതുര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം സൈബർ സെല്ലിന് കൈമാറി. സമാനമായ ടാസ്ക് അധിഷ്ഠിത ഓൺലൈൻ തട്ടിപ്പുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സൈബർ സെൽ മുന്നറിയിപ്പ് നൽകി.











Leave a Reply