ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്താംപ്ടൺ: യുകെയിലെ സൗത്താംപ്ടണിൽ മലയാളി യുവാവിന് കുത്തേറ്റു. പോർട്സ്‌വുഡിലെ ബ്രൂക്ക്‌വെയിൽ റോഡിലുള്ള ഫ്ലാറ്റിൽ ചൊവ്വാഴ്ച രാത്രി 10ന് ശേഷമാണ് സംഭവം. 36 വയസ്സുകാരനായ യുവാവിനെ വയറിന് കുത്തേറ്റ ഗുരുതര പരുക്കുകളോടെ പൊലീസ് കണ്ടെത്തുകയായിരുന്നു. പാരാമെഡിക്കുകൾ ആശുപത്രിയിലെത്തിച്ച യുവാവ് ചികിത്സയിൽ തുടരുകയാണെന്ന് ഹാംപ്ഷയർ പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സൗത്താംപ്ടണിൽ താമസിക്കുന്ന മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 38 വയസ്സുകാരനായ പുരുഷനെ കൊലപാതകശ്രമം നടത്തിയെന്ന സംശയത്തിലും 29 വയസ്സുകാരിയായ സ്ത്രീയെ കുറ്റകൃത്യത്തിന് സഹായം നൽകിയെന്ന സംശയത്തിലുമാണ് അറസ്റ്റ്. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന സൂചനകളുണ്ടെങ്കിലും ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവസ്ഥലത്തുനിന്ന് കത്തി പൊലീസ് കണ്ടെടുത്തു. ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് ഹാംപ്ഷയർ പൊലീസ് അഭ്യർഥിച്ചു. അന്വേഷണം തുടരുകയാണ്.











Leave a Reply