പോർട്ട്സ്മൗത്ത്: കൈരളി യുകെ സൗത്താംപ്ടൺ–പോർട്ട്സ്മൗത്ത് യൂണിറ്റും ലീഡ്സ് ടാക്സ് കൺസൾട്ടൻസിയും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ വടംവലി മത്സരം ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. ഓഗസ്റ്റ് 30-ന് പോർട്ട്സ്മൗത്തിലെ Mountbatten Leisure Centre-ൽ നടന്ന മത്സരത്തിൽ Stoke Lions Warriors ചാമ്പ്യന്മാരായി.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. ആദ്യ റൗണ്ട് മുതൽ തന്നെ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങളാണ് അരങ്ങേറിയത്. ഓരോ ടീമും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മത്സരങ്ങൾ കാണികൾക്ക് ആവേശകരമായ അനുഭവമായി.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എട്ട് ടീമുകൾക്ക് സമ്മാനങ്ങൾ ലഭിച്ചു. ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ Stoke Lions Warriors ഒന്നാം സ്ഥാനത്തെത്തി കിരീടം സ്വന്തമാക്കിയപ്പോൾ Achayans Hereford രണ്ടാം സ്ഥാനവും Evershine Brothers Canterbury മൂന്നാം സ്ഥാനവും നേടി. Kombans Red നാലാം സ്ഥാനത്തും Oxford Cardinals അഞ്ചാം സ്ഥാനത്തും Rovers Exeter ആറാം സ്ഥാനത്തും എത്തി.

സ്വന്തം തട്ടകത്തിൽ മത്സരിച്ച Pompey Boys Portsmouth ഏഴാം സ്ഥാനവും Gloucester Kings എട്ടാം സ്ഥാനവും നേടി. ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും മത്സരത്തിലുടനീളം മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ച Pompey Boys Portsmouth കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. സ്വന്തം ടീമിനെ പിന്തുണയ്ക്കാനെത്തിയ പോർട്ട്സ്മൗത്തിലെ കാണികളുടെ ആവേശകരമായ പിന്തുണയും ടീമിന് കരുത്തായി.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കാണികളുടെ സാന്നിധ്യവും ആവേശകരമായ പിന്തുണയും മത്സരത്തിന് കൂടുതൽ മിഴിവേകി. ചരിത്രപ്രസിദ്ധമായ പോർട്ട്സ്മൗത്ത് നഗരത്തിൽ മലയാളി സമൂഹത്തിന്റെ കായിക ആവേശം പ്രകടമാക്കിയ ശ്രദ്ധേയമായ വേദിയായി മത്സരം മാറി.

കൈരളി യുകെ യൂണിറ്റിലെ വനിതാ ഭാരവാഹികളായ ബിന്ദു കുര്യൻ, ജിമോൾ ജോസഫ്, ലൗലി ജയിംസ്, കൃഷ്ണവേണി എന്നിവർ ചേർന്നാണ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
മികച്ച സംഘാടന മികവാണ് മത്സരത്തിന്റെ മറ്റൊരു പ്രത്യേകത. കൈരളി യുകെയും ലീഡ്സ് ടാക്സ് കൺസൾട്ടൻസിയും ചേർന്ന് ഒരുക്കിയ മികച്ച ക്രമീകരണങ്ങൾ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായകമായി. റഫറിമാരായ ബിജോ പാറശ്ശേരിലും ടോണി കുര്യനും കൃത്യതയോടെ മത്സരം നിയന്ത്രിച്ചതും ശ്രദ്ധേയമായി.

സമ്മാനദാനവും സമാപനച്ചടങ്ങും
മത്സരത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മാനദാന ചടങ്ങിൽ കൈരളി യുകെ സൗത്താംപ്ടൺ–പോർട്ട്സ്മൗത്ത് യൂണിറ്റ് സെക്രട്ടറി അബി കുര്യൻ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ കൈരളി യുകെ നാഷണൽ കമ്മിറ്റി സെക്രട്ടറി നവീൺ ഹരി, വൈസ് പ്രസിഡന്റ് ജോസഫ് ടി. ജോസഫ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ അനസ്, വരുൺ, ഷൈജു ടി. കെ., കൈരളി യുകെ സൗത്താംപ്ടൺ–പോർട്ട്സ്മൗത്ത് യൂണിറ്റ് കമ്മിറ്റി അംഗം പ്രസാദ് ഒഴാക്കൽ, ബിനു ആന്റണി, ലീഡ്സ് ടാക്സ് കൺസൾട്ടൻസിയുടെ ഡയറക്ടർമാരായ ജെയിസൺ ജെയിംസ്, സന്തോഷ് തോമസ്, സിജി ജോസ്, മാനേജർമാരായ റോണി തങ്കച്ചൻ, ജോവി ജോസഫ്, ട്രിനിറ്റി മോർട്ട്ഗേജ് ലിമിറ്റഡിന്റെ മാത്യു, സൗത്താംപ്ടൺ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് റോബിൻ, സിബി, Friends Malayali Association, Hampshire-ന്റെ ഭാരവാഹി സാബു ജോസ്, പോർട്ട്സ്മൗത്ത് മലയാളി അസോസിയേഷൻ ഭാരവാഹി ഡൈസി ബ്രൂണോ എന്നിവർ പങ്കെടുത്തു.

വിജയികളായ ടീമുകൾക്ക് ചടങ്ങിൽ സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച സംഘാടക സമിതി അംഗങ്ങളെയും വളണ്ടിയർമാരെയും ടീമുകളെയും കാണികളെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.

പരിപാടി വിജയകരമായി പൂർത്തിയാക്കാൻ വിവിധ രീതിയിൽ സഹകരിച്ച എല്ലാവർക്കും ലീഡ്സ് ടാക്സ് കൺസൾട്ടൻസിയുടെ നമിത ജെയിസൺ നന്ദി അറിയിച്ചു. ടീമുകളുടെ പങ്കാളിത്തവും കാണികളുടെ പിന്തുണയും സംഘാടകരുടെയും വളണ്ടിയർമാരുടെയും കൂട്ടായ പരിശ്രമവുമാണ് പ്രഥമ ഓൾ യുകെ വടംവലി മത്സരത്തിന്റെ വിജയത്തിന് പിന്നിലെന്ന് അവർ പറഞ്ഞു.
കായിക മത്സരത്തിനപ്പുറം യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹത്തെ ഒരുമിച്ചുകൂട്ടിയ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി മാറിയ പ്രഥമ ഓൾ യുകെ വടംവലി മത്സരം, മികച്ച സംഘാടനത്തോടെയും വലിയ ജനപങ്കാളിത്തത്തോടെയും ശ്രദ്ധേയമായ വിജയമായി.











Leave a Reply