ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സ്വയം ഓടുന്ന കാറുകൾക്ക് യുകെയിൽ ഉടൻ നികുതി ഏർപ്പെടുത്തണമെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ബ്രിട്ടീഷ് പ്രോഗ്രസ്. ഡ്രൈവർ ഇല്ലാത്ത വാഹനങ്ങളുടെ വ്യാപനം ടാക്സി, സ്വകാര്യ വാടക വാഹന മേഖലയിൽ വലിയ തൊഴിൽ നഷ്ടത്തിനും റോഡുകളിൽ തിരക്ക് വർധിക്കാനും ഇടയാക്കുമെന്ന വിലയിരുത്തലിലാണ് നിർദേശം. അടുത്ത ദശകത്തിന്റെ മധ്യത്തോടെ വിൽക്കുന്ന കാറുകളിൽ 40 ശതമാനം വരെ സ്വയം ഡ്രൈവിങ് സംവിധാനമുള്ളവയായേക്കുമെന്നാണ് സർക്കാർ കണക്ക്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ ഇംഗ്ലണ്ടിൽ 4.17 ലക്ഷം ടാക്സി, സ്വകാര്യ വാടക വാഹന ഡ്രൈവർമാരാണുള്ളത്; ലണ്ടനിൽ മാത്രം ഇത് 1.21 ലക്ഷമാണ്. സ്വയം ഓടുന്ന വാഹനങ്ങൾ വ്യാപകമാകുന്നതോടെ ഈ ജോലികളിൽ വലിയൊരു ഭാഗം ഇല്ലാതാകുമെന്നാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്. യാത്രക്കാരില്ലാതെ റോഡിലൂടെ സഞ്ചരിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ എണ്ണം കൂടുന്നതും പൊതുഗതാഗതത്തിന് പകരം സ്വകാര്യ വാഹന ഉപയോഗം വർധിക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2050ഓടെ റോഡിലെ വാഹന മൈലേജ് 24 ശതമാനം വർധിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രവചനം.

സ്വയം ഓടുന്ന വാഹനങ്ങൾക്ക് മൈലിന് ഏകദേശം 88 പെൻസ് നിരക്കിൽ ചാർജ് ഈടാക്കിയാൽ 2050ഓടെ വർഷം 47 ബില്യൺ പൗണ്ട് വരെ വരുമാനം ലഭിക്കാമെന്നും റിപ്പോർട്ട് പറയുന്നു. ഇന്ധന നികുതിയിലൂടെ നിലവിൽ ലഭിക്കുന്ന പ്രതിവർഷം 27 ബില്യൺ പൗണ്ടിന്റെ വരുമാനം ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തോടെ ഇല്ലാതാകുന്ന സാഹചര്യത്തിൽ പുതിയ വരുമാന മാർഗം നേരത്തെ തന്നെ ഒരുക്കണമെന്നാണ് നിർദേശം. എന്നാൽ സ്വയം ഓടുന്ന വാഹനങ്ങൾ യുകെയുടെ വളർച്ചയ്ക്ക് വലിയ അവസരമാണെന്നും പുതിയ നികുതി നവീന സാങ്കേതികവിദ്യയെ ശിക്ഷിക്കുന്ന നടപടിയാകുമെന്നും വേവ് വിമർശിച്ചു. അതേസമയം, ഡ്രൈവർമാരെ പുനർപരിശീലിപ്പിച്ച് പുതിയ ജോലികളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിയും സർക്കാർ ഒരുക്കണമെന്ന് ജിഎംബി യൂണിയൻ ആവശ്യപ്പെട്ടു.