ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ കോക്പിറ്റിനുള്ളിൽ സംഘർഷമുണ്ടാകുകയും ഒരു പൈലറ്റിന് കുത്തേറ്റതിനെ തുടർന്ന് വിമാനം അടിയന്തിരമായി സൗദി അറേബ്യയിലേക്ക് തിരിച്ചുവിടുകയും ചെയ്തു. FZ1073 വിമാനത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് ഓഫ്-ഡ്യൂട്ടി പൈലറ്റും അടിയന്തിര സാഹചര്യത്തിൽ കോക്പിറ്റിലെത്തി വിമാനം നിയന്ത്രണത്തിലാക്കാൻ സഹായിച്ചതായി യാത്രക്കാരുടെ മൊഴികളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ പരുക്കേറ്റ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ കോക്പിറ്റ് വാതിൽ തുറക്കാൻ സഹായിച്ചതോടെയാണ് യാത്രക്കാർക്ക് അകത്തേക്ക് പ്രവേശിച്ച് ആക്രമിയെ കീഴ്പ്പെടുത്താൻ കഴിഞ്ഞത്. വിമാനത്തിലുണ്ടായിരുന്ന ഏകദേശം 150 യാത്രക്കാരെ സുരക്ഷിതമായി സൗദിയിലെ ടബുക്ക് വിമാനത്താവളത്തിൽ ഇറക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിനിടെ വിമാനം ഏകദേശം 14,000 അടി താഴേക്ക് അതിവേഗം പതിച്ചതായി യാത്രക്കാർ പറഞ്ഞു. ആക്രമിയെ തടയാൻ ചില യാത്രക്കാർ കോക്പിറ്റിലേക്ക് ഓടിയെത്തിയപ്പോൾ, ബ്രിട്ടീഷ് പൈലറ്റ് ഉൾപ്പെടെയുള്ള ഓഫ്-ഡ്യൂട്ടി പൈലറ്റുമാരിൽ ഒരാൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സ്ഥിരതയിലാക്കാൻ സഹായിച്ചതായാണ് റിപ്പോർട്ട്.യാനിവ് ഹയൂൺ എന്ന യാത്രക്കാരനും ആക്രമിയെ കീഴ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു . പിന്നീട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ വിമാനം എങ്ങനെ നിയന്ത്രിക്കാമെന്ന് ‘Air Crash Investigation’ എന്ന ടെലിവിഷൻ പരിപാടിയിൽനിന്നാണ് മനസ്സിലാക്കിയതെന്ന് ഹയൂൺ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

സംഭവത്തിന് പിന്നിൽ വിമാനം പിടിച്ചെടുത്ത് ഇസ്രയേൽ നഗരത്തിൽ ഇടിച്ചിറക്കാനുള്ള പദ്ധതിയുണ്ടായിരുന്നോ എന്നതും ഇസ്രയേൽ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. അതേസമയം, ഫ്ലൈദുബായ് ഇസ്രയേലിലേക്കും തിരിച്ചുമുള്ള സർവീസുകൾ ആറ് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.