ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഐ മേഖലയിലേക്കുള്ള വൻതോതിലുള്ള നിക്ഷേപം ഭാവിയിൽ സാമ്പത്തിക വിപണികളിൽ വലിയ ആഘാതങ്ങൾക്ക് കാരണമാകാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി മുന്നറിയിപ്പ് നൽകി. എഐ കമ്പനികളിലേക്ക് ഒഴുകുന്ന വൻതുകകൾ ബാങ്ക് വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണെന്നും എഐ രംഗത്തെ എല്ലാവർക്കും ഒരുപോലെ നേട്ടമുണ്ടാകണമെന്നില്ലെന്നും ബെയ്ലി പറഞ്ഞു. എഐ സാങ്കേതികവിദ്യയ്ക്ക് സാമ്പത്തിക വളർച്ച ശക്തിപ്പെടുത്താനുള്ള വലിയ ശേഷിയുണ്ടെങ്കിലും അതിനൊപ്പം ഗണ്യമായ അപകടസാധ്യതകളും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ കമ്പനികളുടെ മൂല്യനിർണയം കുതിച്ചുയരുന്നതും നിക്ഷേപകരുടെ ഉയർന്ന പ്രതീക്ഷകളുമാണ് പ്രധാന ആശങ്കകളിലൊന്ന് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . എഐ ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ വിപണി മൂല്യം 5.5 ട്രില്യൺ ഡോളറിലെത്തിയപ്പോൾ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്, മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ വൻകിട ടെക് കമ്പനികളും എഐ വികസനത്തിനായി നൂറുകണക്കിന് ബില്യൺ ഡോളർ ചെലവഴിക്കുന്നുണ്ട്. എഐ മേഖലയിലെ വൻ നിക്ഷേപം തുടരുന്നതിനിടെ ചില കമ്പനികളുടെ ഓഹരി വിലയിൽ വലിയ തിരുത്തൽ ഉണ്ടായേക്കാമെന്നും വിപണിയിൽ അപ്രതീക്ഷിത ആഘാതങ്ങൾ ഉണ്ടായാൽ അതിനെ നേരിടാൻ സാമ്പത്തിക സംവിധാനം ശക്തമായി തയ്യാറായിരിക്കണമെന്നും ബെയ്ലി പറഞ്ഞു. ഇന്റർനെറ്റ് സെർച്ച് രംഗത്ത് ഒരുകാലത്ത് മുന്നിലുണ്ടായിരുന്ന നെറ്റ്സ്കേപ്പിന്റെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈബർ ആക്രമണങ്ങൾ, ഡീപ്‌ഫേക്ക് ചിത്രങ്ങളും വിഡിയോകളും തുടങ്ങിയവയും എഐ ഉയർത്തുന്ന പ്രധാന അപകടങ്ങളാണെന്ന് ബെയ്ലി വ്യക്തമാക്കി. സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ ദൗർബല്യങ്ങൾ കണ്ടെത്തുന്നതിനുള്ള കൂടുതൽ ശക്തമായ മാർഗമായി എഐ മാറിയിട്ടുണ്ടെന്നും തെറ്റായ കൈകളിൽ ഇത് ശക്തമായ ആയുധമായി ഉപയോഗിക്കപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ജൂണിൽ ബെയ്ലിയും നൈജൽ ഫരാജും തമ്മിൽ ശാരീരിക സംഘർഷമുണ്ടെന്ന തരത്തിൽ എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം, പലിശനിരക്ക് നിശ്ചയിക്കുന്ന ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ വേഗത്തിലാക്കാൻ എഐക്ക് സഹായിക്കാനാകുമെന്നും ബെയ്ലി പറഞ്ഞു. നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് എഐ ആയിരിക്കില്ലെന്നും എന്നാൽ നയരൂപീകരണത്തിന് സഹായിക്കുന്ന ശക്തമായ ഉപകരണമായി ഇത് ഉപയോഗിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.











Leave a Reply