ഹൈദരാബാദ്∙ അമേരിക്കയിലെ മിസോറിയിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശിനിയായ ദരം സുപ്രിയ (31) മരിച്ചു. മഹാബുബാദ് സ്വദേശിനിയായ സുപ്രിയ ശനിയാഴ്ച മിസോറിയിലെ സെന്റ് ലൂയിസിൽ റെസ്റ്ററന്റ് ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം കാറിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുപ്രിയ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുപ്രിയയുടെ സുഹൃത്തിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെന്റ് ലൂയിസിൽ റെസ്റ്ററന്റ് നടത്തിവരികയായിരുന്ന സുപ്രിയ, ജോലി പൂർത്തിയാക്കിയശേഷമാണ് സുഹൃത്തിനൊപ്പം കാറിൽ മടങ്ങിയതെന്നാണ് വിവരം. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
സുപ്രിയയുടെ ഭർത്താവ് പി. രഞ്ജിത്തും അമേരിക്കയിലാണ്. സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്ന രഞ്ജിത്താണ് ഞായറാഴ്ച രാവിലെ സുപ്രിയയുടെ മരണവിവരം കുടുംബത്തെ അറിയിച്ചത്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായം നൽകണമെന്ന് സുപ്രിയയുടെ പിതാവ് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയോട് അഭ്യർഥിച്ചു.











Leave a Reply