ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഡിമെൻഷ്യയ്ക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടനിൽ 48 ദശലക്ഷം പൗണ്ടിന്റെ ഗവേഷണ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ. പുതിയ ചികിത്സകൾ വികസിപ്പിക്കുന്നതിനും രോഗനിർണയം വേഗത്തിലാക്കുന്നതിനും ആരോഗ്യരംഗത്തെ സ്ഥാപനങ്ങളും ഗവേഷകരും തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യം. ഡിമെൻഷ്യയെ നിയന്ത്രിക്കേണ്ട രോഗമായി മാത്രം കാണാതെ, ഫലപ്രദമായ ചികിത്സയിലൂടെ നേരിടാൻ കഴിയുന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം വ്യക്തമാക്കി. പുതിയ ആരോഗ്യ വിവര ഗവേഷണ സേവനത്തിന്റെ പ്രധാന പരിഗണനകളിലൊന്നായും ഡിമെൻഷ്യയെ ഉൾപ്പെടുത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അൽഷിമേഴ്സ് രോഗബാധിതനായിരുന്ന പിതാവ് റോയ് അടുത്തിടെ മരിച്ചതിന് പിന്നാലെയാണ് ബേൺഹാം ഡിമെൻഷ്യ ഗവേഷണത്തിന് ദേശീയ പ്രാധാന്യം നൽകുമെന്ന് പ്രഖ്യാപിച്ചത്. രോഗം ബാധിക്കുന്നവർക്കും അവരെ പരിചരിക്കുന്ന കുടുംബങ്ങൾക്കും വലിയ ദുരിതമാണ് ഡിമെൻഷ്യ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണത്തിനായി ഡെയിം ബാർബറ വിൻഡ്സർ ഡിമെൻഷ്യ ഗോൾസ് പദ്ധതിയിലൂടെ 3.3 കോടി പൗണ്ട് സർക്കാർ നിക്ഷേപിക്കും. ബ്രിസ്റ്റൽ മയേഴ്സ് സ്ക്വിബ്, ജി.എസ്.കെ., ഗേറ്റ്സ് വെഞ്ചേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള സാമ്പത്തിക പിന്തുണയും പദ്ധതിക്കുണ്ടാകും. പുതിയ മരുന്നുകൾ പരീക്ഷിക്കുന്നതിനായി കൂടുതൽ ആളുകളെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ഈ തുക വിനിയോഗിക്കും.

ആരോഗ്യ സെക്രട്ടറി യെവറ്റ് കൂപ്പറും പദ്ധതിയിലൂടെ ഡിമെൻഷ്യ ചികിത്സയിൽ നിർണായക മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവച്ചു. ഗവേഷണവും രോഗനിർണയവും വേഗത്തിലാക്കുന്നതിലൂടെ കൂടുതൽ പേർക്ക് പുതിയ ചികിത്സാരീതികളുടെ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കും. ഡിമെൻഷ്യ ബാധിതർക്കും കുടുംബങ്ങൾക്കും മെച്ചപ്പെട്ട പരിചരണവും ചികിത്സയും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം മുതിർന്നവർക്ക് സൗജന്യ വ്യക്തിഗത പരിചരണം ഉറപ്പാക്കുന്ന ദേശീയ പരിചരണ സേവനം നടപ്പാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇതിനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നതിന്റെ ഭാഗമായി പെൻഷൻ വർധനയുമായി ബന്ധപ്പെട്ട നിലവിലെ ട്രിപ്പിൾ ലോക്ക് സംവിധാനം ഒഴിവാക്കുന്നതും സർക്കാർ പരിഗണിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.