ന്യൂസ് ഡെസ്ക്, മലയാളം യുകെ
റോം: പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ അറിയിച്ചു. 71 വയസ്സുള്ള പോപ്പിന്റെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കംചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയയ്ക്കു മുമ്പുള്ള പരിശോധനകളിൽ അർബുദസാധ്യത കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച നടത്തിയ 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കിടെ നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിച്ചു. ശസ്ത്രക്രിയയ്ക്കിടെ സങ്കീർണതകളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം സാധാരണ നിലയിൽ ബോധം വീണ്ടെടുത്തെന്നും വത്തിക്കാൻ വ്യക്തമാക്കി.

ശ്വാസകോശത്തിലെ ഗ്രന്ഥികളിൽ രൂപപ്പെടുന്ന കോശങ്ങളിൽനിന്ന് ആരംഭിക്കുന്ന അഡിനോകാർസിനോമ എന്ന അർബുദമാണ് പോപ്പിന് സ്ഥിരീകരിച്ചത്. അർബുദം നീക്കംചെയ്ത് രോഗം ഭേദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തത്. വീഡിയോ സഹായത്തോടെയുള്ള ശസ്ത്രക്രിയാ രീതിയാണ് ഇതിനായി ഉപയോഗിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം റോമിലെ ജെമെല്ലി ആശുപത്രിയുടെ പത്താം നിലയിലെ മുറിയിലേക്ക് മാറ്റിയ പോപ്പ് നിരീക്ഷണത്തിലാണ്. നിലവിൽ കീമോതെറാപ്പിയോ മറ്റ് അർബുദചികിത്സകളോ ആരംഭിക്കാൻ പദ്ധതിയില്ലെന്നാണ് റിപ്പോർട്ട്.

ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കാനും സുഖം പ്രാപിക്കാനും സമയം അനുവദിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 20 വരെയുള്ള പോപ്പിന്റെ പൊതുപരിപാടികളെല്ലാം റദ്ദാക്കി. ശ്വാസകോശത്തിൽ ചെറിയ മുഴ കണ്ടെത്തിയതായും അത് നീക്കംചെയ്യുമെന്നും ഞായറാഴ്ച ഉച്ചയ്ക്കുള്ള പ്രാർഥനയ്ക്കിടെ പോപ്പ് നേരത്തേ അറിയിച്ചിരുന്നു. അർബുദം പ്രാരംഭഘട്ടത്തിൽ കണ്ടെത്തി നീക്കംചെയ്യാനായതിനാൽ പോപ്പിന്റെ രോഗമുക്തിക്ക് മികച്ച സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.











Leave a Reply