ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകമെമ്പാടുമുള്ള വെബ്സൈറ്റുകളെ ബാധിച്ചേക്കാവുന്ന ഗുരുതരമായ സൈബർ സുരക്ഷാ വീഴ്ചയെ തുടർന്ന് സ്വന്തം ഓൺലൈൻ സേവനങ്ങളിൽ ഭീഷണിയുണ്ടോയെന്ന് പരിശോധിച്ച് ബ്രിട്ടീഷ് സർക്കാർ. നിരവധി വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നതിന് അടിസ്ഥാനമായ PHP പ്രോഗ്രാമിങ് ഭാഷയിലാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്. ഹാക്കർമാർ ഈ പിഴവുകൾ മുതലെടുക്കുന്നതിന് മുമ്പ് സംവിധാനങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടികൾ വിവിധ രാജ്യങ്ങളും വൻകിട കമ്പനികളും ആരംഭിച്ചു. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും എല്ലാ സ്ഥാപനങ്ങളും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടു. അടിയന്തരമായി സുരക്ഷാ പരിഹാരം നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പ്രശ്നം പരിഹരിക്കുന്നതുവരെ ബന്ധപ്പെട്ട സംവിധാനങ്ങൾ ഓഫ്ലൈനാക്കണമെന്നും ബ്രിട്ടന്റെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ (NCSC) നിർദേശിച്ചു.

ലോകത്തെ ദശലക്ഷക്കണക്കിന് വെബ്സൈറ്റുകൾക്ക് ഭീഷണിയാകാവുന്ന ഈ സുരക്ഷാവീഴ്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഏകദേശം മൂന്ന് കോടി വെബ്സൈറ്റുകളെ ഈ പിഴവ് ബാധിച്ചേക്കാമെന്ന് സൈബർ സുരക്ഷാ വിദഗ്ധനായ പ്രൊഫസർ അലൻ വുഡ്വേഡ് പറഞ്ഞു. വെബ്സെർവറുകളിൽ സ്വന്തം കോഡ് പ്രവർത്തിപ്പിക്കാനും വിവരങ്ങൾ മോഷ്ടിക്കാനും മറ്റ് നെറ്റ്വർക്ക് സംവിധാനങ്ങളിലേക്ക് കടന്നുകയറാനും ഹാക്കർമാർക്ക് ഇതിലൂടെ സാധിച്ചേക്കാം. പിന്നീട് വീണ്ടും പ്രവേശിക്കുന്നതിനായി രഹസ്യവഴികൾ ഒരുക്കാനും സാധ്യതയുണ്ട്. വിക്കിപീഡിയ, ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകൾ, വേർഡ്പ്രസ് അധിഷ്ഠിത വെബ്സൈറ്റുകൾ തുടങ്ങി വ്യാപകമായി ഉപയോഗിക്കുന്ന സംവിധാനങ്ങൾ PHP ഉപയോഗിക്കുന്നുണ്ട്. സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ആമസോൺ ഉൾപ്പെടെയുള്ള കമ്പനികൾ ആക്രമണശ്രമങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ട് ചെയ്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ ആക്രമണങ്ങളുടെ വേഗം വർധിപ്പിക്കുന്നുവെന്ന ആശങ്കയും വിദഗ്ധർ പങ്കുവച്ചു. മുമ്പ് മാസങ്ങളെടുത്തിരുന്ന സുരക്ഷാവീഴ്ചകൾ കണ്ടെത്താനും അവ മുതലെടുക്കാനുമുള്ള ശ്രമങ്ങൾ ഇപ്പോൾ ദിവസങ്ങൾക്കുള്ളിലോ മിനിറ്റുകൾക്കുള്ളിലോ നടക്കാമെന്ന് മുന്നറിയിപ്പുണ്ട്. സുരക്ഷാ പ്രശ്നത്തെത്തുടർന്ന് ബ്രിട്ടനിലെ ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി വെബ്സൈറ്റ് താൽക്കാലികമായി ഓഫ്ലൈനാക്കി. എഡിൻബറോ, ഓക്സ്ഫഡ് കൗൺസിലുകളുടെ വെബ്സൈറ്റുകളും മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി പ്രവർത്തനം നിർത്തിയെങ്കിലും പിന്നീട് ലഭ്യമായി. ഫിൻലൻഡ് സർക്കാർ പൊതുജനങ്ങൾക്കായുള്ള വെബ് സേവനങ്ങൾ അടച്ചപ്പോൾ വിക്കിപീഡിയയും ചില സേവനങ്ങൾ നിയന്ത്രിച്ചു. സുരക്ഷാ പരിഹാരങ്ങൾ ഉടൻ നടപ്പാക്കാത്ത സ്ഥാപനങ്ങൾ വെബ്സൈറ്റുകൾ താൽക്കാലികമായി ഓഫ്ലൈനാക്കണമെന്നാണ് വിവിധ രാജ്യങ്ങളിലെ ഏജൻസികളുടെ നിർദേശം.











Leave a Reply