ന്യൂസ് ഡെസ്ക്, മലയാളം യുകെ
2028ഓടെ ബ്രിട്ടന്റെ നിർണായക മേഖലകൾക്ക് എഐ സൈബർ ആക്രമണ ഭീഷണി. വൈദ്യുത നിലയങ്ങൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ തുടങ്ങിയ രാജ്യത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മാൽവെയറുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഉണ്ടാകാൻ ഏറെ സാധ്യതയുണ്ടെന്ന് ബ്രിട്ടന്റെ ദേശീയ സൈബർ സുരക്ഷാ കേന്ദ്രമായ എൻസിഎസ്സി (NCSC) മുന്നറിയിപ്പ് നൽകി. റഷ്യയും ചൈനയും സൈബർ ആക്രമണങ്ങളിൽ എഐ സാങ്കേതികവിദ്യ പതിവായി ഉപയോഗിച്ചു തുടങ്ങുമെന്നും എൻസിഎസ്സിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

കമ്പ്യൂട്ടർ ശൃംഖലകളിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്താനും അവ മുതലെടുത്ത് നാശനഷ്ടമുണ്ടാക്കുന്ന സോഫ്റ്റ്വെയറുകൾ തയ്യാറാക്കാനും എഐ ഹാക്കർമാരെ സഹായിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആക്രമണങ്ങളിലൂടെ സ്ഥാപനങ്ങളുടെ വിവരങ്ങൾ പൂട്ടിയിട്ട് മോചനദ്രവ്യം ആവശ്യപ്പെടുന്ന റാൻസംവെയർ ആക്രമണങ്ങളാണ് പ്രധാന ഭീഷണി. റോയൽ മെയിൽ, കാപിറ്റ തുടങ്ങിയ ബ്രിട്ടീഷ് സ്ഥാപനങ്ങളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും നേരത്തേ ഇത്തരം ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. വരും മാസങ്ങളിൽ സൈബർ ആക്രമണങ്ങളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയുണ്ടാകാമെന്ന് എൻസിഎസ്സി മേധാവി റിച്ചാർഡ് ഹോൺ മുന്നറിയിപ്പ് നൽകി.

സൈബർ സുരക്ഷയിൽ ആവശ്യമായ നിക്ഷേപം നടത്താത്തത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. യൂറോപ്പിലെ സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളുടെ താപനില ഹാക്കർമാർ 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർത്തിയ സംഭവങ്ങൾ ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നതായി ഹോൺ ചൂണ്ടിക്കാട്ടി. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ബ്രിട്ടന്റെ സൈനിക ആശയവിനിമയ ശൃംഖലകൾക്കെതിരെ നിരന്തരം സൈബർ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സൈബർ ആക്രമണങ്ങൾ, കാലാവസ്ഥാ ദുരന്തങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വീടുകളിൽ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണവും ഒൻപത് ലിറ്റർ കുടിവെള്ളവും കരുതണമെന്ന് ബ്രിട്ടീഷ് സർക്കാർ നേരത്തേ ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.











Leave a Reply