ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പ്രതികൂല കാലാവസ്ഥ, സൈബർ ആക്രമണം, യുദ്ധസമാനമായ സാഹചര്യങ്ങൾ എന്നിവ നേരിടാൻ ജനങ്ങൾ തയ്യാറായിരിക്കണമെന്ന പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ ആഹ്വാനത്തിനു പിന്നാലെ ബ്രിട്ടനിൽ അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വർധിക്കുന്നു. കുപ്പിവെള്ളം, ടിന്നിലടച്ച മത്സ്യ-മാംസ വിഭവങ്ങൾ, ഡ്രൈ ഫുഡ് തുടങ്ങിയവയാണ് ജനങ്ങൾ കൂടുതലായി വാങ്ങുന്നത്. ബാറ്ററി, ടോർച്ച്, മെഴുകുതിരി, പവർബാങ്ക്, വെറ്റ് വൈപ്പുകൾ തുടങ്ങിയവയുടെ വിൽപനയിലും വലിയ വർധനയുണ്ടായിട്ടുണ്ട്. കോവിഡ് കാലത്തെപ്പോലെ കൂട്ടത്തോടെ സൂപ്പർമാർക്കറ്റുകളിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യമില്ലെങ്കിലും എത്തുന്നവരെല്ലാം ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങിയാണ് മടങ്ങുന്നത്. ഓൺലൈൻ വിപണിയിലും ഇതിന്റെ പ്രതിഫലനം പ്രകടമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒക്ടോബർ 23നാണ് പ്രധാനമന്ത്രി ആൻഡി ബേൺഹാം ‘ബി റെഡി’ (Be Ready) എന്ന പേരിൽ രാജ്യവ്യാപകമായ മുന്നൊരുക്ക ക്യാംപയിൻ പ്രഖ്യാപിച്ചത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ കുറഞ്ഞത് മൂന്ന് ദിവസത്തേക്കെങ്കിലും ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ വീടുകളിൽ കരുതണമെന്നാണ് നിർദേശം. സൈബർ ആക്രമണങ്ങൾ മൂലം ബാങ്കിങ് ശൃംഖലകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഒരാഴ്ചത്തേക്കുള്ള ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ പണവും കൈവശം കറൻസിയായി സൂക്ഷിക്കുന്നത് നല്ലതാണെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. യൂറോപ്പിലെ മറ്റ് രാജ്യങ്ങൾ സ്വീകരിച്ചുവരുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ബ്രിട്ടനിലും ഇത്തരമൊരു ക്യാംപയിൻ ആരംഭിച്ചത്.

ക്യാംപയിൻ പ്രഖ്യാപിച്ച് പത്തുദിവസത്തിനുള്ളിൽ കുപ്പിവെള്ളത്തിന്റെ വിൽപനയിൽ 67 ശതമാനവും ടിന്നിലടച്ച ഭക്ഷണത്തിന്റെ വിൽപനയിൽ 37 ശതമാനവും വർധനയുണ്ടായി. ഹാൻഡ് സാനിറ്റൈസറിന്റെ വിൽപന 83 ശതമാനം ഉയർന്നു. പ്രതിദിനം 4 ലക്ഷം പേർ അധികമായി ടിൻ ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതായാണ് കണക്ക്. ഇതിനിടെ ഫ്രാൻസ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റ് ശൃംഖലകൾക്കു നേരെയുണ്ടായ സൈബർ ആക്രമണങ്ങളും ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചു. വൈഫൈ സംവിധാനങ്ങൾ ഹാക്ക് ചെയ്ത് ഫ്രീസറുകളുടെ പ്രവർത്തനം തകരാറിലാക്കിയുള്ള ആക്രമണം വൻ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി. ഇതോടെ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ മുൻകൂട്ടി തയ്യാറെടുക്കണമെന്ന സർക്കാർ നിർദേശത്തെ ഗൗരവത്തോടെ കാണുകയാണ് ബ്രിട്ടിഷ് ജനത.