ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട കുട്ടികൾക്ക് ക്രിമിനൽ റെക്കോർഡുകൾ ജീവിതകാലം മുഴുവൻ തൊഴിലുടമകൾക്കു മുന്നിൽ വെളിപ്പെടുത്തേണ്ടിവരില്ലെന്ന് ബ്രിട്ടീഷ് സർക്കാർ. ഇംഗ്ലണ്ടിലും വെയിൽസിലും നിലവിലുള്ള യുവജന നീതിന്യായ വ്യവസ്ഥയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം. കവർച്ച, മറ്റു കുട്ടികൾക്ക് മയക്കുമരുന്ന് വിൽക്കൽ, അക്രമാസക്തമായ സംഘർഷങ്ങളിൽ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർക്കും ഭാവിയിൽ തൊഴിൽ തേടുമ്പോൾ പഴയ കുറ്റവിവരങ്ങൾ വെളിപ്പെടുത്തുന്നതിൽനിന്ന് ഇളവ് ലഭിക്കും. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുട്ടികൾക്ക് ജീവിതത്തിൽ തിരുത്താനുള്ള രണ്ടാമതൊരു അവസരം നൽകുകയും തൊഴിൽസാധ്യതകൾ വർധിപ്പിക്കുകയുമാണ് പരിഷ്കാരത്തിന്റെ ലക്ഷ്യമെന്ന് മന്ത്രിമാർ വ്യക്തമാക്കി.

സർക്കാരിന്റെ ഔദ്യോഗിക കൺസൾട്ടേഷൻ രേഖയിൽ കൂടുതൽ വിശദാംശങ്ങളുമുണ്ട്. നിലവിലെ നിയമപ്രകാരം ചില ബാല്യകാല കുറ്റകൃത്യങ്ങൾ സ്റ്റാൻഡേർഡ്, എൻഹാൻസ്ഡ് ക്രിമിനൽ റെക്കോർഡ് പരിശോധനകളിൽ ജീവിതകാലം മുഴുവൻ പ്രത്യക്ഷപ്പെടാം. പുതിയ നിർദേശമനുസരിച്ച്, ചില കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർക്ക് 5.5 വർഷത്തിനുശേഷം രേഖകൾ വെളിപ്പെടുത്തേണ്ടിവരില്ല. രണ്ടു വർഷം വരെയുള്ള തടവുശിക്ഷ ലഭിച്ച ചില കുറ്റങ്ങൾക്കും ജീവിതകാലത്തെ വെളിപ്പെടുത്തൽ ഒഴിവാക്കാനാണ് നീക്കം. പിഴയുമായി ബന്ധപ്പെട്ട കുറ്റവിവരങ്ങളുടെ വെളിപ്പെടുത്തൽ കാലാവധി കുറയ്ക്കുക, കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് നടപടികളുടെ വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്. എന്നാൽ ഗുരുതരമായ ലൈംഗിക, അക്രമ, ഭീകരവാദ കുറ്റങ്ങൾക്ക് നിലവിലുള്ള സംരക്ഷണ വ്യവസ്ഥകൾ തുടരും. ഇത് നിലവിൽ നിയമമായിട്ടില്ല; പൊതുജനാഭിപ്രായം തേടുന്ന ഘട്ടത്തിലാണ്.











Leave a Reply