ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ദേശീയ ആരോഗ്യ സേവനമായ എൻഎച്ച്എസുമായി (NHS) അമേരിക്കൻ സാങ്കേതിക കമ്പനിയായ പാലന്റിറിനുള്ള കരാർ 2029ൽ അവസാനിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. എൻഎച്ച്എസിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഫെഡറേറ്റഡ് ഡേറ്റാ പ്ലാറ്റ്ഫോം (FDP) ഒരുക്കുന്നതിനുള്ള കരാറാണ് അവസാനിപ്പിക്കുന്നത്. 2027ൽ കരാർ റദ്ദാക്കാൻ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും അത് ഉപയോഗിക്കാതെ രണ്ടുവർഷം കൂടി നീട്ടാനാണ് ആരോഗ്യ സാമൂഹികക്ഷേമ വകുപ്പ് തീരുമാനിച്ചത്. ഇതിനിടെ പാലന്റിറിന് പകരമായി പ്രവർത്തിക്കാൻ ബ്രിട്ടീഷ് സാങ്കേതിക കമ്പനികളെ കണ്ടെത്തും. അമേരിക്കൻ ശതകോടീശ്വരനും ഡൊണൾഡ് ട്രംപിന്റെ അനുയായിയുമായ പീറ്റർ തീൽ സഹസ്ഥാപകനായ കമ്പനിയുടെ എൻഎച്ച്എസിലെ പങ്കാളിത്തത്തിനെതിരെ നേരത്തേ വിമർശനം ഉയർന്നിരുന്നു.

കരാർ രണ്ടുവർഷം കൂടി നീട്ടാനുള്ള തീരുമാനത്തിനെതിരെ ലേബർ, ലിബറൽ ഡെമോക്രാറ്റ് എംപിമാർ രംഗത്തെത്തി. 2027ലെ കരാർ റദ്ദാക്കൽ വ്യവസ്ഥ സർക്കാർ ഉപയോഗിക്കേണ്ടതായിരുന്നുവെന്ന് പാർലമെന്റിന്റെ ശാസ്ത്ര സാങ്കേതിക സമിതി അധ്യക്ഷ ചി ഒൻവുറ പറഞ്ഞു. അമേരിക്കൻ കുടിയേറ്റ വിഭാഗമായ ഐസിഇയുമായുള്ള പാലന്റിറിന്റെ പ്രവർത്തനങ്ങളെയും മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചിരുന്നു. എൻഎച്ച്എസ് ആരോഗ്യ വിവരങ്ങളുടെ നിയന്ത്രണം വർഷങ്ങളോളം ഒരു വിദേശ കമ്പനിയുടെ കൈകളിൽ തുടരുന്നത് ആശങ്കാജനകമാണെന്ന് ലിബറൽ ഡെമോക്രാറ്റ് എംപി മാർട്ടിൻ റിഗ്ലിയും ചൂണ്ടിക്കാട്ടി. അതേസമയം, പുതിയ സംവിധാനം ഒരുക്കുമ്പോൾ രോഗികളുടെ ചികിത്സ തടസ്സപ്പെടരുതെന്നും മറ്റൊരു ഒറ്റക്കമ്പനിയെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ലേബർ എംപി ബെൻ കോൾമാൻ ആവശ്യപ്പെട്ടു. പാലന്റിറിന്റെ ഡേറ്റാ പ്ലാറ്റ്ഫോമിന്റെ പ്രയോജനത്തെക്കുറിച്ചും എൻഎച്ച്എസിനുള്ളിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. 137 ആരോഗ്യ ട്രസ്റ്റുകൾ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ടെന്ന എൻഎച്ച്എസ് വെബ്സൈറ്റിലെ അവകാശവാദം ഗാർഡിയൻ റിപ്പോർട്ടിനെ തുടർന്ന് നീക്കം ചെയ്തിരുന്നു. 29 ട്രസ്റ്റുകൾ മാത്രമാണ് ഇത് ഉപയോഗിക്കുന്നതെന്നും മറ്റുള്ളവ അപൂർവമായോ ഒട്ടും തന്നെയോ ഉപയോഗിക്കുന്നില്ലെന്നുമായിരുന്നു റിപ്പോർട്ട്.

കരാർ അവസാനിപ്പിക്കാനുള്ള തീരുമാനത്തെ ആംനസ്റ്റി ഇന്റർനാഷനൽ സ്വാഗതം ചെയ്തു. ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും പ്രചാരണ പ്രവർത്തകരുടെയും വിജയമാണിതെന്ന് സംഘടന വിശേഷിപ്പിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികൾക്കായി പാലന്റിർ സാങ്കേതിക പിന്തുണ നൽകുന്നതായി കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാൽ ഇത്തരമൊരു കമ്പനിയുമായി എൻഎച്ച്എസ് സഹകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആംനസ്റ്റി പ്രതിനിധി ടോം ഗുഹ പറഞ്ഞു. രോഗികൾക്ക് ദോഷം ചെയ്യരുതെന്ന ആരോഗ്യരംഗത്തെ അടിസ്ഥാന തത്വം എൻഎച്ച്എസ് കരാറുകളിൽ ഏർപ്പെടുന്ന കമ്പനികൾക്കും ബാധകമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2029 വരെ നിലവിലെ കരാർ തുടരുമെങ്കിലും അതിനുശേഷം ബ്രിട്ടീഷ് കമ്പനികളുടെ പങ്കാളിത്തത്തോടെ പുതിയ ഡിജിറ്റൽ സംവിധാനം ഒരുക്കാനാണ് സർക്കാരിന്റെ ലക്ഷ്യം.











Leave a Reply