ജോജി തോമസ്
.
കത്തോലിക്കാ സഭയിലെ പുരോഹിതന്മാരുടെ ബ്രഹ്മചര്യത്തെയും സഭയിലെ പുരോഹിത സമൂഹത്തിന്റെ മൊത്തത്തിലുള്ള സംഭാവനകളെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമര്‍ശനങ്ങള്‍ക്ക് അടുത്തിടെയുണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ കാരണമായിട്ടുണ്ട്. സഭാ വിരുദ്ധരായിട്ടുള്ള ഒരു ന്യൂനപക്ഷം പ്രസ്തുത സംഭവങ്ങളെ ഒരു ആഘോഷമാക്കാനായിട്ടുള്ള സന്ദര്‍ഭമായിട്ടാണ് ഉപയോഗിക്കുന്നത്. വ്യവസ്ഥാപിതമോ, വ്യക്തിപരമോ ആയ ഏത് അക്രമങ്ങളെയും തിന്മകളെയും ന്യായീകരിക്കുകയോ അതിക്രമം ചെയ്തവര്‍ക്ക് കൂട്ടുനില്‍ക്കുകയോ പഴുതുകള്‍ സൃഷ്ടിക്കുകയോ ചെയ്യേണ്ട ബാധ്യത സഭയ്ക്കോ വിശ്വാസ സമൂഹത്തിനോ ഇല്ല. പക്ഷേ സഭയേയും പുരോഹിത സമൂഹത്തേയും മൊത്തത്തില്‍ അടച്ചാക്ഷേപിക്കുന്ന ഇത്തരക്കാരുടെ പ്രചാരണങ്ങളെ മുഖവിലയ്ക്ക് എടുക്കുംമുമ്പ് സത്യവും മിഥ്യയും പൊതുസമൂഹവും പ്രത്യേകിച്ച് വിശ്വാസികളും തിരിച്ചറിയേണ്ടിയിരിക്കുന്നു.
.
ആഗോള കത്തോലിക്കാ സഭയിലെ പുരോഹിതന്മാരുടെ എണ്ണം ഏതാണ്ട് 5 ലക്ഷത്തിനടുത്ത് വരും. വളരെ ദൈര്‍ഘ്യമേറിയതും ആഴത്തിലുള്ളതുമായ പരിശീലനമാണ് വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. പത്തു വര്‍ഷത്തിനു മുകളില്‍ ദൈര്‍ഘ്യമുള്ള പരിശീലന കാലയളവില്‍ മറ്റ് ജീവിതാന്തസ്സ് തേടിപ്പോകാനുള്ള സ്വാതന്ത്ര്യം വൈദിക വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. പൗരോഹിത്യം ആരിലും അടിച്ചേല്പിക്കുന്നില്ല. ചുരുക്കത്തില്‍ വളരെ സൂക്ഷ്മമായ അരിപ്പയിലൂടെ ആണ് വൈദിക വിദ്യാര്‍ത്ഥികള്‍ കടന്നുപോകേണ്ടതും വാര്‍ത്തെടുക്കപ്പെടുന്നതും എങ്കിലും ചിലപ്പോഴെങ്കിലും ചില കരടുകള്‍ വൈദിക സമൂഹത്തില്‍ കടന്നുവരാറുണ്ട്. അതിന്റെ അനുപാതം വളരെ ചെറുതാണെന്നുള്ളതാണ് വസ്തുത. ഒരു വ്യക്തിയെന്ന നിലയില്‍ സ്വഭാവ സവിശേഷതകളില്‍ കാലാന്തരങ്ങളായി സംഭവിക്കുന്ന വ്യതിയാനങ്ങളാവാം വൈദികര്‍ക്ക് സംഭവിക്കുന്ന വീഴ്ചയ്ക്ക് മറ്റൊരു കാരണം.
.
കത്തോലിക്കാ വൈദികരുടെ ബ്രഹ്മചര്യമാണ് പലരുടേയും വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനുമൊക്കെ കേന്ദ്രബിന്ദു. ജീവശാസ്ത്രപരമായ ആവശ്യങ്ങളെ നിരാകരിച്ചുകൊണ്ടുള്ള ബ്രഹ്മചര്യത്തിന്റെ പ്രസക്തിയാണ് ചോദ്യം ചെയ്യുന്നത്. അതിന് പലരേയും പ്രേരിപ്പിക്കുന്നത് തനിക്ക് സാധിക്കാത്തത് ഇവര്‍ക്കെങ്ങനെ സാധിക്കുമെന്ന സംശയമാണ്. വൈദികര്‍ക്കുണ്ടാകുന്ന വീഴ്ചകളില്‍ പ്രധാന കാരണമായി ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത് ബ്രഹ്മചര്യത്തെയാണ്. പക്ഷേ ഇവിടെ കാണാതെ പോകുന്ന വസ്തുത വേലിചാടുന്നവര്‍ ഏത് ജീവിതാന്തസിലാണെങ്കിലും അതിനും മുതിരുമെന്നതാണ്. വൈവാഹിക ജീവിതം നയിക്കുന്നവരുടെ വിവാഹേതര ബന്ധങ്ങള്‍ വച്ചുനോക്കുമ്പോള്‍ ബ്രഹ്മചാരികളായ വൈദികര്‍ക്കുണ്ടാകുന്ന വീഴ്ചകള്‍ വളരെ തുച്ഛമാണ്. കുടുംബബന്ധങ്ങള്‍ വളരെ ശക്തമായ നമ്മുടെ കേരളത്തിലും വിവാഹേതര ബന്ധങ്ങള്‍ പെരുകുന്നതായിട്ടാണ് വാര്‍ത്തകളും കണക്കുകളും സൂചിപ്പിക്കുന്നത്.
.
കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യത്തെ ചോദ്യം ചെയ്യുന്നവര്‍ വിവാഹിതരായ പുരോഹിതര്‍ക്ക് ഉണ്ടായ വിവാദപരമായ വീഴ്ചകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നു. യാഥാസ്ഥിതികത്വത്തിന്റെയും കുരിശുയുദ്ധങ്ങളുടെയും മതമായിരുന്ന ക്രിസ്തുമതത്തെ ക്രിസ്തു പ്രതിനിധാനം ചെയ്ത സ്നേഹത്തിന്റെയും കരുണയുടെയും മതമാക്കാന്‍ കത്തോലിക്കാ സഭയിലെ സന്യസ്തര്‍ വഹിച്ച പങ്ക് ചെറുതല്ല. അനാഥരും ആലംബഹീനര്‍ക്കുവേണ്ടി അവര്‍ ചെയ്ത സേവനങ്ങളെ ഒരു സുപ്രഭാതത്തില്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളാനാവില്ല. ഫാ. ഡാമിയന്‍, മദര്‍ തെരേസ എന്നിവരെല്ലാം ഇതിന് ഉദാഹരണമാണ്. കുഷ്ഠ രോഗികള്‍ക്കായി ജീവിച്ച്, അവസാനം കുഷ്ഠരോഗം വന്നാണ് ഫാ. ഡാമിയന്‍ മരണമടയുന്നത്. ആഫ്രിക്കയിലെ പട്ടിണി പാവങ്ങള്‍ക്കായി സേവനം ചെയ്ത് അക്രമികളുടെ കൈകളില്‍ ഇപ്പോഴും നരകയാഥന അനുഭവിക്കുന്ന ഫാ. ടോം ഉഴുന്നാലിനെ ഈ അവസരത്തില്‍ സ്മരിക്കേണ്ടതാണ്. അറിയപ്പെടാത്ത ഡാനിയേലും തെരേസയും ആയിരക്കണക്കിനാണ്. ഇവരുടെയൊക്കെ നിസ്വാര്‍ത്ഥ സേവനം സാധ്യമായത് കുടുംബബന്ധങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് മാറി നിന്നതുകൊണ്ടാണ്.
.
ക്രിസ്തു നേരിട്ട് തന്റെ ശിഷ്യരായി തെരഞ്ഞെടുത്ത 12 ശിഷ്യന്മാരില് ഒരാള്‍ക്ക് വഴിതെറ്റി. അവിടെ വഴി തെറ്റിയവരുടെ ശതമാനമെടുക്കുകയാണെങ്കില്‍ മൊത്തം ശിഷ്യഗണത്തിന്റെ 8 ശതമാനത്തിലധികം വരും. എങ്കിലും കത്തോലിക്കാ സഭ രണ്ടായിരം വര്‍ഷത്തിലധികം ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കരുണയുടെയും സന്ദേശവാഹകരായി നിലകൊണ്ടു. അതുകൊണ്ടുതന്നെ വളരെ ചെറിയ ശതമാനം അഭിഷിക്തരുടെ വീഴ്ചകളെ അതിജീവിക്കാനും നാളെയും ലോകത്തെ ധാര്‍മികതയുടെ പതാഹവാഹകയാകാനും സഭയ്ക്ക് സാധിക്കും.










