ലണ്ടന്‍: ഗ്രാമര്‍ സ്കൂളുകള്‍ വീണ്ടും ആരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിക്കെതിരെ എംപിമാരുടെ സംഘം. ടോറി എംപിമാരും പ്രതിപക്ഷ കക്ഷികളുടെ എംപിമാരുമുള്‍പ്പെടുന്ന സംഘമാണ് സര്ക്കാരിന്രെ സുപ്രധാന നീക്കത്തിനെതിരെ രംഗത്തെത്തിയത്. ടോറി മുന്‍ എഡ്യുക്കേഷന്‍ സെക്രട്ടറി നിക്കി മോര്‍ഗനാണ് ഇതിനെതിരെ രംഗത്തു വന്ന കണ്‍സര്‍വേറ്റീവ് അംഗം. മുന്‍ ലേബര്‍ ഷാഡോ ലൂസി പവല്‍, ലിബര്‍ ഡെമോക്രാറ്റ് മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി നിക്ക് ക്ലെഗ് എന്നിവരും ഈ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തി.
ഒബ്സര്‍വറില്‍ ഇവര്‍ മൂന്നുപേരും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പദ്ധതിക്കെതിരായ നിലപാട് വ്യക്തമാക്കിയത്. ബ്രെക്സിറ്റ്, ഡിജിറ്റൈസേഷന് തുടങ്ങിയ ഒട്ടേറെ വെല്ലുവിളികള്‍ രാജ്യം അഭിമുഖീകരിക്കുന്നുണ്ട്. അതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്ന പദ്ധതിയുമായി പ്രധാനമന്ത്രി രംഗത്തെത്തുന്നതെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വിമര്‍ശനം.
30ഓളം കണ്‍സര്‍വേറ്റീവ് എംപിമാരുടെ എതിര്‍പ്പ് നേരിട്ടുകൊണ്ടാണ് മേയ് സര്‍ക്കാര്‍ ഗ്രാമര്‍ സ്കൂള്‍ പദ്ധതി ആവിഷ്കരിച്ചത്. കൂടുതല്‍ എതിര്‍പ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്. സ്വയം സംരംഭകര്‍ക്കുള്ള നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ബജറ്റ് നിര്‍ദേശം ഭരണകക്ഷിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ടായപ്പോള്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന് പിന്‍വലിക്കേണ്ടി വന്നിരുന്നു. ഈ തീരുമാനത്തിന് എതിരെയുണ്ടാകുന്ന എതിര്‍പ്പുകളും കണ്‍സര്‍വേറ്റീവിന് നാണക്കേടുണ്ടാക്കുമോ എന്നതാണ് ഭരണകക്ഷി നേതൃത്വത്തിന്റെ ആശങ്ക.