രാജ്യത്തെ ടെലികോം രംഗത്തെ പ്രമുഖരായ വൊഡാഫോണ്‍, ഐഡിയയില്‍ ലയിക്കാൻ ധാരണ. ഇന്ത്യന്‍ ടെലികോം രംഗത്തെ ഏറ്റവും വലിയ ലയനമാണിത്. നഷ്ടം കനത്തതാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ വൊഡാഫോണിനെ പ്രേരിപ്പിച്ചത്. ഒപ്പം, റിലയന്‍സ് ജിയോയുടെ മത്സരം അതിജീവിക്കുന്നതിന് കൂടിയാണ് ബ്രിട്ടീഷ് കമ്പനിയായ വൊഡാഫോണിന്റെ തീരുമാനം. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഐഡിയയില്‍ ലയിക്കുന്നതോടെ ഇപ്പോള്‍ നേരിടുന്ന നഷ്ടം കുറയ്ക്കാമെന്നാണ് വൊഡാഫോണിന്റെ വിലയിരുത്തല്‍.
ലയനത്തോടെ 38 കോടി ഉപയോക്താക്കളുമായി ഐഡിയ, രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറും. രണ്ടാമതാകുന്ന എയര്‍ടെല്ലിന് 26 കോടി ഉപയോക്താക്കളാണുള്ളത്. അഞ്ചു മാസം മുൻപ് എത്തിയ റിലയന്‍സ് ജിയോ 7.2 കോടി ഉപയോക്താക്കളുമായി നാലാമതുണ്ട്. ലയന തീരുമാനം വന്നതോടെ ഐഡിയയുടെ ഓഹരിമൂല്യം പതിമടങ്ങായി വർധിച്ചു.