വിറാല്‍: മെഴ്‌സിസൈഡിലെ ന്യൂഫെറിയില്‍ വന്‍ സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. വന്‍ ഗ്യാസ് സ്‌ഫോടനത്തില്‍ 50 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ തകര്‍ന്നാണ് നിരവധിയാളുകള്‍ക്ക് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 9.15നാണ് പൊട്ടിത്തെറിയുണ്ടായത്. 24 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ലിവര്‍പൂളിലും കിലോമീറ്ററുകള്‍ അകലെ നോര്‍ത്ത് വെയില്‍സില്‍ വരെയും സ്‌ഫോടന ശബ്ദം കേട്ടു. ഒരു ഡാന്‍സ് സ്‌കൂള്‍, ഫര്‍ണിച്ചര്‍ ഷോപ്പ്, ചൈനീസ് റെസ്റ്റോറന്റ് തുടങ്ങിയവ തകര്‍ന്ന കെട്ടിടങ്ങളിലുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ എയിന്‍ട്രീ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 17 പേരെ പരിസരത്തുള്ള ആശുപത്രികളില്‍ എത്തിച്ചുവെന്ന് നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. വന്‍ സ്‌ഫോടനം കേട്ട് പുറത്തെത്തിയ താന്‍ പട്ടണം പുകയില്‍ മുങ്ങി നില്‍ക്കുന്നതാണ് കണ്ടതെന്ന് ദൃക്‌സാക്ഷിയായ ലൂയിസ് ഹോപ്കിന്‍സ് എന്ന റെയില്‍വേ ജീവനക്കാരന്‍ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്ന കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. അടുത്തുള്ള കെട്ടിടളും തകര്‍ന്നു. പ്രദേശം മുഴുവന്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളായിരുന്നുവെന്ന് ഹോപ്കിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.

1

ചൈനീസ് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 15 പേരാണ് പരിക്കേറ്റവരിലുള്ളത്. വിറാലിലെ ന്യൂഫെറി ഭാഗത്ത് ബൗണ്ടറി റോഡും ബെബിംഗ്ടണ്‍ റോഡും ചേരുന്നിടത്തുണ്ടായ ഗ്യാസ് ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് അനുമാനിക്കുന്നത്. നിരവധി രണ്ടുനില കെട്ടിടങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നു. ഏകദേശം 50 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ തകര്‍ന്നുവെന്ന് മെഴ്‌സിസൈഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വക്താവ് പറഞ്ഞു.

വന്‍ സ്‌ഫോടനമാണ് ഉണ്ടായതെന്ന് ബെബിംഗ്ടണ്‍ റോഡില്‍ കണ്‍വീനിയന്‍സ് സ്‌റ്റോര്‍ നടത്തുന്ന ബിനോ ഷാന്‍ പറഞ്ഞു. സ്‌ഫോടനമുണ്ടായെങ്കിലും തീപിടിക്കുന്നത് കണ്ടില്ല. തന്റെ ഷോപ്പിന്റെ കതക് തകര്‍ന്നുവെന്നും പരിക്കേറ്റവര്‍ പരക്കം പായുന്നത് കണ്ടുവെന്നും ഷാന്‍ പറഞ്ഞു.