കൊച്ചി: സിബിഐ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്ന നഴ്സിങ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗ്ഗീസ് അറസ്റ്റില്‍. അബുദാബിയില്‍ നിന്നും പുലര്‍ച്ചെ നെടുമ്പാശേരിയില്‍ എത്തിയ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി സിബിഐക്ക് കൈമാറുകയായിരുന്നു. അല്‍ സറാഫാ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ ഉതുപ്പ് വര്‍ഗീസ് നഴ്സിങ് റിക്രൂട്ട്മെന്റിന്റെ പേരില്‍ നിരവധിപേരെ പറ്റിച്ച് കോടികള്‍ സ്വന്തമാക്കിയെന്ന കേസില്‍ സിബിഐ ഇയാളെ മൂന്നാംപ്രതിയാക്കിയിരുന്നു.
കുവൈത്തിലേക്ക് നേഴ്സ്മാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. റിക്രൂട്ട്മെന്റ് സേവനഫീസായി 19,500 രൂപ മാത്രം ഈടാക്കാന്‍ അനുവാദമുള്ളപ്പോള്‍ 1,629 നഴ്സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപ വീതമാണ് അല്‍ സറഫാ ഏജന്‍സി നിയമനത്തിനായി വാങ്ങിച്ചിരുന്നത്. 1291 പേരെ റിക്രൂട്ട് ചെയ്തതില്‍ 1200 പേര് പോയിക്കാണുമെന്നാണ് സിബിഐയുടെ കണക്കുകൂട്ടല്‍. പക്ഷെ തട്ടിപ്പിനിരയായവരാരും പരാതിയൊന്നും നല്കിയിട്ടില്ലാത്തതിനാല് കുവൈത്തില്‍ ഇയാള്‍ക്കെതിരെ ഇതുവരെ കേസൊന്നുമില്ല.
തട്ടിപ്പിന് സഹായിച്ചുവെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് എല്‍. അഡോള്‍ഫസിനെ പ്രതിയാക്കി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഉതുപ്പിനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ അഡോള്‍ഫിന്റെ പങ്ക് വ്യക്തമാകുമായിരുന്നുള്ളു. റിക്രൂട്ട്മെന്റ് തട്ടിപ്പിലൂടെ സമാഹരിച്ച പണം മുഴുവന്‍ ഹവാലയായാണ് കൈമാറ്റം ചെയ്തിരിക്കുന്നതെന്ന് ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ നേരത്തെ വ്യക്തമായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.