തിരുവനന്തപുരം: തോമസ് ചാണ്ടി എന്‍സിപി യുടെ പുതിയ മന്ത്രിയാകും. നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. കുട്ടനാട് എംഎല്‍യാണ് തോമസ് ചാണ്ടി. എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിയായി തോമസ് ചാണ്ടിയെ നിര്‍ദേശിച്ചത്. ശശീന്ദ്രന്‍ വഹിച്ചിരുന്ന ഗതാഗത വകുപ്പ് തന്നെയായിരിക്കും തോമസ് ചാണ്ടി കൈകാര്യം ചെയ്യുക. എ.കെ.ശശീന്ദ്രനെതിരായ ജൂഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രന്‍ മാറിനില്‍ക്കുന്നത് തന്നെയാണ് നല്ലതെന്നുമാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായ പൊതു വികാരം.
തോമസ് ചാണ്ടി മന്ത്രിയാകുന്നതില്‍ സിപിഎം കേന്ദ്ര നേതൃത്വം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ നേരത്തെ എന്‍സിപി സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതോടെയാണ് എല്‍ഡിഎഫ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സെക്‌സ് ടേപ്പ് വിവാദത്തില്‍ ശശീന്ദ്രനെ കുടുക്കിയതാണെങ്കിലും ഇത്തരം ഒരു സംഭാഷണം അദ്ദേഹം നടത്താന്‍ പാടില്ലായിരുന്നുവെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വികാരം.
മംഗളം ചാനല്‍ ക്ഷമാപണവുമായി രംഗത്തെത്തിയതിനു പിന്നാലെ ശശീന്ദ്രനെ തിരിച്ചെടുക്കണമെന്ന് എന്‍സിപിയില്‍ത്തന്നെ ആവശ്യമുയര്‍ന്നുവെങ്കിലും പിന്നീട് തോമസ് ചാണ്ട്ിക്ക് അനുകൂലമായി കാര്യങ്ങള്‍ മാറുകയായിരുന്നു. എന്‍സിപിയുടെ മന്ത്രിയെ അവര്‍ തന്നെ തീരുമാനിക്കട്ടേയെന്ന നിലപാടാണ് ഘടകകക്ഷികളെടുത്തത്. തോമസ് ചാണ്ടിയെ നിര്‍ദ്ദേശിച്ചതോടെ ഇതിനെതിരായി നീങ്ങേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.