ന്യൂഡല്‍ഹി: 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശയാത്രകള്‍ വെട്ടിക്കുറയ്ക്കുന്നു. ഒഴിച്ചുകൂടാനാവാത്ത യാത്രകളും വിദേശ പരിപാടികളും മാത്രം മതിയെന്ന് വിദേശകാര്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായാണ് വിവരം. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് വിദേശയാത്രകളും രണ്ടാമത്തെ പകുതിയില്‍ ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായുള്ള യാത്രകളും മാത്രമാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് യാത്രകള്‍ കുറയ്ക്കുന്നതെന്നാണ് വിശദീകരണം.
പ്രധാനമന്ത്രിപദത്തിലെത്തിയ ശേഷം കഴിഞ്ഞ പത്തൊമ്പത് മാസത്തിനിടെ 33 വിദേശരാജ്യങ്ങളില്‍ മോഡി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മൂന്നിലൊന്ന് ലോകനേതാക്കളുമായി നേരിട്ട് ആശയവിനിമയവും നടത്തി. ഈ യാത്രകള്‍ കൊണ്ട് വിദേശ രാജ്യങ്ങളുമായുളള ബന്ധം മെച്ചപ്പെട്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഈ യാത്രകള്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വലിയ പരിഹാസമാണ് ഏറ്റുവാങ്ങിയിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി വിദേശയാത്രകള്‍ വെട്ടിക്കുറക്കും. ഈ വര്‍ഷം ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത വിദേശപരിപാടികളും, യാത്രകളും മതിയെന്ന് വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം കൊടുത്തതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തതിനുശേഷം കഴിഞ്ഞ 19 മാസങ്ങള്‍ക്കിടെ മോഡി 33 വിദേശ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.
ഈ വര്‍ഷത്തെ ആദ്യ പരിപാടി സൗദി അറേബ്യന്‍ സന്ദര്‍ശനമാണ്. പിന്നെ മാര്‍ച്ചില്‍ ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലും തുടര്‍ന്ന് വാഷിങ്ടണിലെ ആണവോര്‍ജ സുരക്ഷാ ഉച്ചകോടിയിലും പങ്കെടുക്കും. 2016 മധ്യത്തില്‍ പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയിലും മോഡി പങ്കെടുക്കും. രാജ്യത്തെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി, തന്റെ സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് എന്നീ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യാത്രകള്‍ കുറയ്ക്കുന്നതെന്നാണ് നിഗമനം.