ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയവരില്‍ പാക് ഭീകരരെന്ന് ഇന്ത്യ. ആക്രമണത്തില്‍ പാക് തീവ്രവാദി സംഘങ്ങള്‍ക്കു പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ഇന്ത്യ പാതിസ്ഥാന് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തിനു ശേഷം ഇന്ത്യ പാക് ബന്ധത്തില്‍ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയ്ക്കാണ് ഭീകരാക്രമണം തുരങ്കം വച്ചത്. ആക്രമണത്തിനു പിന്നാലെ ഇന്ത്യ പാകിസ്ഥാനുമായുള്ള നിലപാടുകള്‍ കടുപ്പിച്ചു.
സുരക്ഷാ ഉപദേഷ്ടാവ് വഴിയാണ് ഇന്ത്യ പാകിസ്ഥാന് തെളിവുകള്‍ കൈമാറിയത്. വിഷയത്തില്‍ പരമാവധി സഹകരണം പാകിസ്ഥാന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആക്രമണത്തേക്കുറിച്ച അന്വേഷിച്ചു വരികയാണെന്നും പാകിസ്ഥാന് അറിയിച്ചു. നയതന്ത്ര ബന്ധങ്ങളില്‍ വിള്ളലുണ്ടാകുമെന്ന അവസ്ഥ ഉണ്ടായതോടെയാണ് നിലപാട് വ്യക്തമാക്കി പാകിസ്ഥാന് രംഗത്തെത്തിയത്. പാകിസ്ഥാന് നിരോധിച്ച ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിനു പിന്നിലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. കാണ്ഡഹാര്‍ വിമാന റാഞ്ചലിനേത്തുടര്‍ന്ന് ഇന്ത്യ വിട്ടയച്ച മൗലാനാ മസൂദ് അസറിന്റെ നേതത്വത്തിലുള്ള സംഘടനയാണിത്.
2002ലാണ് പാകിസ്ഥാന് ഈ സംഘടനയെ നിരോധിച്ചത്. നിരോധിച്ചതിനു ശേഷവും അസര്‍ പാകിസ്ഥാനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ ഇന്ത്യ പല വട്ടം ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ മാസം 14നും 15നും ഇരു രാജ്യങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ച മാറ്റി വയ്ക്കാന്‍ പാടില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ഏഴ് സൈനികര്‍ മരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറി തല ചര്‍ച്ച സംബന്ധിച്ച് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.