ക്രിക്കറ്റ് ചരിത്രത്തില്‍ ഐതിഹാസിക റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് മുംബൈ സ്വദേശിയായ 15കാരന് പ്രണവ് ധന്‍വാഡെ. ഒറ്റ ഇന്നിംഗ്സില്‍ പുറത്താകാതെ 1000 റണ്‍സ് എടുത്തിരിക്കുകയാണ് ഈ ഇന്ത്യന്‍ പയ്യന്. മുംബൈ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന ഭണ്ഡാരി കപ്പ് ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനവുമായി പ്രണവ് ധനവാഡെയാണ് ഒരു നൂറ്റോണ്ടോളം പഴക്കമുള്ള റെക്കോഡ് തകര്‍ത്തെറിഞ്ഞത്.
ഇതാണ് പ്രണവിന്റെ അത്ഭുത ഇന്നിംഗ്സ്
റണ്‍സ് : 1009*
നേരിട്ട പന്തുകള്‍: 323
സ്ട്രൈക്ക് റൈറ്റ്: 312.38
സിക്സ്: 59
ഫോര്‍: 129
കഴിഞ്ഞ ദിവസം പ്രണവ് 199 പന്തുകളില്‍ നിന്ന് 652 റണ്‍സ് നേടിയിരുന്നു. ആര്യ ഗുരുകുല്‍ സ്കൂളിനായി പാഡണിഞ്ഞ പ്രണവ് തന്റെ ഇന്നിങ്സ് മികവില്‍ ടീം ടോട്ടല്‍ 1400 കടത്തിയിട്ടുണ്ട്. കെസി ഗാന്ധി സ്കൂളിനെതിരെയാണ് പ്രണവിന്റെ അത്ഭുത പ്രകടനം. മത്സരത്തില്‍ ആര്യ ഗുരുകുല്‍ സ്കൂള്‍ ഒന്നാം ഇന്നിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 1465 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.
ക്രിക്കറ്റിന്റെ സമസ്ത മേഖലകളിലും നിലവിലുള്ള ഒരു ദിവസത്തെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന ഖ്യാതിയാണ് പ്രണവിന്റെ വിസ്ഫോടനത്തില്‍ തകര്‍ന്നടിഞ്ഞത്.
ഇംഗ്ലീഷുകാരനായ കോളിന്‍സ് 1899ല്‍ നേടിയ 628 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഹാരിഷ് ഷീല്‍ഡ് കപ്പില്‍ പൃഥ്വി ഷാ നേടിയ 546 റണ്‍സ് എന്ന ഇന്ത്യയിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറും പ്രണവ് മറികടന്നു.
കല്യാണ്‍ സ്വദേശിയായ പ്രണവിന്റെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. മകന്റെ വ്യക്തിഗത സ്കോര്‍ 300 കടന്ന ശേഷം നാട്ടുകാര്‍ അറിയിച്ച ശേഷമാണ് പിതാവ് പ്രശാന്ത് കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. 400 റണ്‍സ് എത്തുന്നതു വരെ റെക്കോഡ് തന്റെ ചിന്തകളില്‍ പോലും ഇല്ലായിരുന്നുവെന്ന് പ്രണവ് പറഞ്ഞു.