സാര്‍വത്രിക കത്തോലിക സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളൊടൊത്ത് ചേര്‍ന്ന് ക്ലിഫ്റ്റന്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ (CDSMCC) യുടെ നേതൃത്വത്തില്‍ കാരുണ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി നടന്ന ഏകദിന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സെഹിയോന്‍ യുകെയുടെ ഡയറക്ടറും പ്രമുഖ വചന പ്രഘോഷകനുമായ ഫാ. സോജി ഓലിക്കല്‍. ഇന്നലെ ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്‌സ് സെന്റ്. ജോസെഫ്‌സ് ദേവാലയത്തില്‍ നടന്ന ഏകദിന കണ്‍വന്‍ഷനില്‍ ക്ലിഫ്റ്റന്‍ രൂപതയുടെ കീഴിലുള്ള എട്ട് മാസ് സെന്ററുകളില്‍ നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുത്തു. രാവിലെ 8.30നു ആരംഭിച്ച കണ്‍വന്‍ഷന് പ്രമുഖ വചന പ്രഘോഷകരായ ഫാദര്‍ സോജി ഓലിക്കല്‍, ഫാദര്‍ സിറില്‍ ഇടമന എന്നിവര്‍ നേതൃത്വം നല്‍കി.
ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നിട്ട കരുണയുടെ വാതിലിലൂടെ അകത്തു പ്രവേശിച്ച് പൂര്‍ണ്ണമായ ദന്ധവിമോചനത്തിനുള്ള അവസരം വിനിയോഗിക്കാന്‍ ഫാ. സിറില്‍ ഇടമന വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു.

വിശുദ്ധ കുര്‍ബാനക്കിടെ നടന്ന വചന ശുശ്രൂഷയില്‍ പ്രശസ്ത ബൈബിള്‍ പണ്ഡിതനും ആലുവ ചെറുപുഷ്പ സെമിനാരിയിലെ അധ്യാപകനുമായ ടോണി പഴയകുളം ക്രൈസ്തവ ജീവിതവും കുഞ്ഞാടുമായുള്ള ബന്ധം വിവരിച്ചു. ഓരോ ക്രൈസ്തവനും സഹോദരന്റെ കണ്ണില്‍ ആത്മാര്‍ത്ഥതയോടെ നോക്കുവാനും അവിടെ കരുണയുടെ നിയമം കാണുവാനും ആ നിയമം സ്വന്തം ഹൃദയത്തില്‍ സ്ഥാപിക്കാനുമുള്ള ബാധ്യതയുണ്ടെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബാനക്ക് ഫാ. സിറില്‍ ഇടമന, ഫാദര്‍ സോജി ഓലിക്കല്‍, ഫാ. ടോണി പഴയകളം, ഫാ. സണ്ണി പോള്‍ എന്നിവര്‍ കാര്‍മ്മികരായി. കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക കുര്‍ബാനകള്‍ക്ക് ഫാ. പോള്‍ വെട്ടിക്കാട്ടും ഫാ. ജോയ് വയലിലും കാര്‍മ്മികരായി. കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കുമായി നടത്തപ്പെട്ട പ്രത്യേക സെഷനുകള്‍ക്ക് സെഹിയോന്‍ യുകെയുടെയും കിഡ്‌സ് ഫോര്‍ കിംഗ്ഡത്തിന്റെയും വോളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കി.
കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുവാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും ക്ലിഫ്റ്റന്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് നന്ദി രേഖപ്പെടുത്തി. CDSMCC ട്രസ്റ്റി ഫിലിപ്പ്, STSMCC ട്രസ്റ്റി ജോണ്‍സന്‍, റോയ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ധാരാളം വോളണ്ടിയര്‍മാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമായിരുന്നു ഈ കണ്‍വന്‍ഷന്റെ വിജയത്തിന് നിദാനമായത്.

കണ്‍വന്‍ഷന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക