ദമാസ്‌കസ്: സ്‌പെയിനില്‍ ആക്രമണം നടത്തുമെന്ന് ഭീകരസംഘടനയായ ഐസിസിന്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച പ്രചാരണ ദൃശ്യങ്ങള്‍ ഇവര്‍ പുറത്ത് വിട്ടു. കയ്യേറിയവരില്‍ നിന്ന് ഞങ്ങളുടെ ഭൂമി തിരിച്ച് പിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ദൃശ്യങ്ങള്‍ വന്നിട്ടുളളത്. 2020ഓടെ തങ്ങളുടെ നിയന്ത്രണത്തില്‍ വരുമെന്ന് ഐസിസ് കരുതുന്ന പ്രദേശങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ നേരത്തെ തന്നെ ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതില്‍ സ്‌പെയിനും ഏഷ്യയുടെയും ആഫ്രിക്കയുടെയും ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്.
ഇപ്പോള്‍ പുറത്ത് വിട്ടിട്ടുളള ദൃശ്യങ്ങളിലുളള ലൈബീരിയന്‍ ഉപദ്വീപിന്റെ പഴയ ഭൂപടം ചുവപ്പായി മാറുന്നത് കാണാം. അതിര്‍ത്തികള്‍ യൂറോപ്പിലേക്ക് വ്യാപിപ്പിക്കാനുളള ഐസിസിന്റെ ശ്രമത്തിന്റെ ഭാഗമാണ് സ്പാനിഷ് ആക്രമണ പദ്ധതിയെന്നാണ് വിലയിരുത്തല്‍.
എ.ഡി. 711ല്‍ ഉത്തര ആഫ്രിക്കയില്‍ നിന്നുളള മൗറിഷ് സൈന്യം പിടിച്ചെടുത്ത ശേഷം മുസ്ലീങ്ങളാണ് സ്‌പെയിന്‍ ഭരിച്ചിരുന്നത്. പിന്നീടിത് ഉമയ്യദ് സാമ്രാജ്യത്തിന്റെ ഭാഗമായി. പത്താം നൂറ്റാണ്ടിന് ശേഷം ഇവിടുത്തെ മുസ്ലീം സാമ്രാജ്യം തകരാന്‍ തുടങ്ങി. 1492 ഓടെ തകര്‍ച്ച പൂര്‍ണമായി. ഈ ചരിത്രമാണ് ഐസിസ് പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ മൂന്ന് മൊറോക്കക്കാരെ സംശയകരമായ സാഹചര്യത്തില്‍ സ്‌പെയിനില്‍ നിന്ന് പിടികൂടിയിരുന്നു. മാഡ്രിഡില്‍ ചാര്‍ലി ഹെബ്‌ഡോ മാതൃകയിലുളള ആക്രമണം നടത്താന്‍ പദ്ധതിയിട്ടന്നെ സംശയത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. യൂറോപ്പിലെ ഏറ്റവും ശക്തമായ ഇസ്ലാമിക തീവ്രാദി ആക്രമണം 2004ല്‍ സ്‌പെയിനില്‍ നടന്നതാണ്. മാഡ്രിഡിലെ ട്രെയിനുകളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 191 ജീവനുകളാണ് പൊലിഞ്ഞത്. നൂറിലേറെ പേര്‍ സ്‌പെയിനില്‍ നിന്ന് ഐസിസില്‍ ചേരാനായി സിറിയയിലേക്കും ഇറാഖിലേക്കും പോയിട്ടുണ്ടെന്നാണ് വിവരം.