ലണ്ടന്‍: വിമാന യാത്രകള്‍ ചെയ്യുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഏറ്റവും അനുയോജ്യമായ സമയംഏതൊക്കെയാണെന്ന് വിമാന നിരക്കുകള്‍ താരതമ്യം ചെയ്യുന്ന വെബ്സൈറ്റുകള്‍ വ്യക്തമാക്കുന്നത് ശ്രദ്ധിക്കൂ. ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഏഴ് ആഴ്ചകള്‍ക്കു മുമ്പ് ബുക്ക് ചെയ്യുന്നത് യാത്രാ നിരക്കുകളില്‍ വിലപേശല്‍ നടത്താന്‍ ഏറ്റവും സഹായകരം എന്നാണ് സ്കൈസ്കാനര് എന്ന വെബ്സൈറ്റ് പറയുന്നത്. അതേസമയം മറ്റ് ചിലയിടങ്ങളിലേക്ക് ഇത് പതിനെട്ട് ആഴ്ചകള്‍ക്കു മുമ്പ് ചെയ്യുന്നതാണ് ഉചിതമെന്ന് ഇവര്‍ പറയുന്നു.
എന്നാല്‍ കയാക്ക് എന്ന വെബ്സൈറ്റ് ഉപദേശിക്കുന്നത് യാത്രയ്ക്ക് നാല് മാസം മുന്‍പ് ബുക്ക് ചെയ്യാനാണ്. ഏതൊക്കെ സീസണില്‍ എത്രകാലം മുമ്പ് ബുക്ക് ചെയ്യണമെന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് സൈറ്റ് നല്‍കുന്നത്. ഉദാഹരണത്തിന് വസന്തകാലത്ത് യാത്ര ചെയ്യണമെങ്കില്‍ നാലു മാസത്തിനു മുമ്പ് ബുക്ക് ചെയ്യാനാണ് കയാക്ക് ഉപദേശിക്കുന്നത്. വേനലില്‍ ഇത് എട്ടു മാസങ്ങള്‍ക്കു മുമ്പായാല്‍ കുറഞ്ഞ നിരക്കുകള്‍ ലഭിക്കുമെന്നും സൈറ്റ് പറയുന്നു.
മോമോന്‍ഡോ എന്ന വെബ്സൈറ്റ് നല്കുന്ന വിവരങ്ങളനുസരിച്ച് യാത്രക്ക് 53 ദിവസം മുമ്പ് ബുക്ക് ചെയ്യുന്നതാണ് കുറഞ്ഞ നിരക്കുകള്‍ ലഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കുറഞ്ഞ വിമാനടിക്കറ്റു നിരക്കുകള്‍ ലഭിക്കുന്നത് ചൊവ്വാഴ്ചകളിലാണെന്നും വൈകുന്നേരം ആറു മണിക്കും അര്‍ദ്ധരാത്രിക്കുമിടയില്‍ പുറപ്പെടുന്ന വിമാനങ്ങളിലെ നിരക്കുകള്‍ വളരെ കുറവായിരിക്കുമെന്നും ഇവര്‍ പറയുന്നു. വീക്കെണ്ടുകള്‍ ഒഴിവാക്കി യാത്ര ദിനങ്ങള്‍ പ്ലാന്‍ ചെയ്താലും ടിക്കറ്റ് നിരക്കില്‍ കാര്യമായ കുറവ് ലഭിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.