ലണ്ടന്‍: പാരീസ് ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ വീഡിയോ ഐസിസ് പുറത്തു വിട്ടു. ഐസിസ് പുതുതായി പുറത്തു വിട്ട വീഡിയോ സന്ദേശത്തിലാണ് ഇത്. നവംബറില്‍ 130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ആക്രമണത്തിന് ഉത്തരവാദികളായവരുടെ ദൃശ്യങ്ങളാണ് പതിനേഴ് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയിലേറെയും. പാരീസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ അബ്ദെല്‍ ഹമീദ് അബൗദിന്റെ ദൃശ്യങ്ങളാണ് ഇതിലധികവും. ഇയാളെ പാരീസ് ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഫ്രഞ്ച് പൊലീസ് വധിച്ചിരുന്നു.
മതവിരോധികളെന്ന തലക്കെട്ട് നല്‍കി ആളുകളെ ശിരച്ഛേദം നടത്തുന്ന ദൃശ്യങ്ങളും പുതിയ സന്ദേശത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലോകമെങ്ങും നടത്തുന്ന ആക്രമണങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് സന്ദേശത്തില്‍ അബൗദ് പറയുന്നു. വിനോദയാത്രക്കോ ബിസിനസ് ടൂറിനോ പോയാലും നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന ഭീഷണിയാണ് പാശ്ചാത്യ ലോകത്തിന് ഐസിസ് നല്‍കുന്നത്.

പാരീസ് ആക്രമണത്തില്‍ പങ്കെടുത്ത ചാവേറുകളായ ബിലാല്‍ ഹദ്ഫി, സമി അമീമുര്‍ തുടങ്ങിയവരും ഈ ദൃശ്യങ്ങളിലുണ്ട്. ബിലാല്‍ ഹദ്ഫിയാണ് ഫ്രഞ്ച് സ്റ്റേഡിയത്തില്‍ ആക്രമണം നടത്തിയത്. അമീമുര്‍ ബറ്റാക്ലാന്‍ ഹാളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ എന്നാണ് പകര്‍ത്തിയതെന്ന കാര്യം വ്യക്തമല്ല. പാരീസ് ആക്രമണത്തെക്കുറിച്ചുളള വാര്‍ത്തകളും ഇതിലുണ്ട്. ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്ന് ആളുകള്‍ ഓടിപ്പോകുന്ന ദൃശ്യങ്ങളും ഇതില്‍ കാണാം. ഹദ്ഫിയും അമീമുറും അബൗദും ആളുകളുടെ തലവെട്ടുന്നതും വെടിവയ്ക്കുന്നതുമായ ദൃശ്യങ്ങളും ഇതിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവിനുമെതിരെയുള്ള ഭീഷണിയും പുതിയ സന്ദേശത്തിലുണ്ട്. ബെര്‍ക്കോവിന്റെയും കാമറൂണിന്റേയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിന്റെയും ടവര്‍ ബ്രിഡ്ജിന്റെയും ദൃശ്യങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ കാട്ടുന്നു. പാരീസ് ആക്രമണത്തിന് പിന്നാലെ കാമറൂണ്‍ ഫ്രഞ്ച് സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ചിത്രങ്ങളാണ് കാണിച്ചിട്ടുളളത്. തങ്ങളെ എതിര്‍ക്കുന്നവര്‍ ആരായാലും അവര്‍ ഞങ്ങളുടെ വാളിന് ഇരയാകുമെന്ന് ഇതിന് മുകളിലായി സ്‌ക്രീനില്‍ എഴുതി കാട്ടിയിരിക്കുന്നു.

പാരീസ് ആക്രമികള്‍ ഐസിസ് പരിശീലനം സിദ്ധിച്ചവര്‍ തന്നെയാണെന്നാണ് ഈ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഐസിസിന്റെ ഏറ്റവും പുതിയ സന്ദേശ വീഡിയോ തങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഇനിയൊരു ആക്രമണം നടത്താന്‍ അവരെ അനുവദിക്കില്ലെന്നും ബ്രിട്ടന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.