തൃശ്ശൂര്‍: തനിയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷമായി വിമര്‍ശനം ഉയരുമ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ അരുന്ധതി. ചന്തപ്പെണ്ണിനു കിട്ടുന്ന ശ്രദ്ധ മാത്രമാണ് തനിക്കു കിട്ടുന്നതെന്നും ജനിച്ച വീടും ബന്ധുക്കളും ജാതിയും തന്നെ പുറത്താക്കിയെന്നും അരുന്ധതി തന്റെ ഫേസ് ബുക്കില്‍ കുറിച്ചു. കല്യാണങ്ങള്‍ക്കും മരണങ്ങള്‍ക്കും പോലും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട താന്‍ ഒന്നര വര്‍ഷമായി സൈബര്‍ റേപ്പിന് ഇരയാകുവാണെന്നും അരുന്ധതി. ഇതോടെ അഭിപ്രായ പ്രകടനം നടത്തി വീണ്ടും വിവാദത്തിന് തിരികൊളുത്തുകയാണ് അരുന്ധതി.
ശബരിമലയില്‍ ഇരിക്കുന്ന അയ്യപ്പനും ബാക്കി ക്ഷേത്രങ്ങളിലുള്ള അയ്യപ്പനും പലര്‍ക്കുണ്ടായതാണോ എന്നു ചോദിച്ച അരുന്ധതിയെ സോഷ്യല്‍ മീഡിയ അയ്യപ്പമാഹാത്മ്യം വരെ പഠിപ്പിച്ചു. എന്നിട്ടും അരുന്ധതിയുടെ പ്രതിഷേധം തീര്‍ന്നില്ല. വാളെടുക്കുന്ന വിമര്‍ശകരോട് അരുന്ധതിക്ക് ഒട്ടേറെ ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഡോ.ബിആര്‍ അംബേദ്ക്കറിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ‘ഞാന്‍ ബ്രാഹ്മണിസത്തിന് എതിരല്ല. ബ്രാഹ്മണരുടെ വിശ്വാസങ്ങളെയാണ് എതിര്‍ക്കുന്നത്’. ഒരു മതത്തോടും താന്‍ എതിരല്ലെന്നും അവരുടെ വിശ്വാസങ്ങളെയാണ് താന്‍ വിമര്‍ശിക്കുന്നതെന്നും അരുന്ധതി പറയുന്നു.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനെതിരെ പ്രതികരിച്ചതും ഇതേ നിലപാടില്‍ ഉറച്ചു കൊണ്ടാണ്. ചുംബന സമരത്തെക്കുറിച്ചും, രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ചും അരുന്ധതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്. എല്ലാ ദിവസവും സൈബര്‍ റേപ്പിന് ഇരയാകുന്നവളാണ് താനെന്നും അരുന്ധതി പറയുകയുണ്ടായി. ജനിച്ച വീടും ബന്ധുക്കളും ജാതിയും എന്നെ പുറത്താക്കി. കല്യാണങ്ങള്‍ക്കും മരണങ്ങള്‍ക്കും പോലും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവളാണെന്നും അരുന്ധതി തുറന്നടിക്കുന്നു.
അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘I am not against Brahmins. I am against the spirit of Brahminism which can be found in Brahmins and Non Brahmins alike’ Dr. B.R.Ambedkar. ജനിച്ചു വീഴുന്ന ജാതിയും നിറവും ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പല്ല.. ജീവിതവും രാഷ്ട്രീയവുമാണ് തെരഞ്ഞെടുപ്പുകള്‍. ഉയര്‍ന്ന ജാതിയുടെയും വെളുത്ത നിറത്തിന്റെയും പ്രിവിലെജുകള്‍ ഇടപെടുന്ന രാഷ്ട്രീയത്തില്‍ എല്ലായ്പ്പോഴും ഭാരമാണ്. Default ആയി കിട്ടുന്ന പ്രിവിലെജുകള്‍ കുടഞ്ഞുകളഞ്ഞ് ഡീ കാസ്റ്റ് ചെയ്യാനും ഡീ ക്ലാസ്സ് ചെയ്യാനും നിരന്തരം ശ്രമിക്കുന്നത് കൂടെയാണ് രാഷ്ട്രീയം. ബുദ്ധന് മുതലിങ്ങോട്ട് ആ രാഷ്ട്രീയത്തിന് നീണ്ട ചരിത്രമുണ്ട്. Academics ലാവട്ടെ , കീഴാള പഠനങ്ങള്‍ ( Subaltern Studies ) എന്ന ശാഖയില്‍ വലിയ സംഭാവനകള്‍ നല്കിയവരെല്ലാം തന്നെ , രണജിത് ഗുഹ മുതല്‍ ഗെയില്‍ ഓംവേദ് വരെ, പ്രിവിലേജ്ട് ആയി ജനിച്ചവരാണ്, വെളുത്ത നിറം ഉള്ളവരാണ്. അവര്‍ എഴുതിയത് ദളിത് ശബ്ദങ്ങളെ ഹൈജാക്ക് ചെയ്യാനാണോ? അവരുടെ എഴുത്ത് ptaronizing ആണോ? കീഴാളരായി ജനിക്കാത്തവര്‍ക്ക് കീഴാള രാഷ്ട്രീയത്തില്‍ ആത്മാര്‍ത്ഥത ഉണ്ടാവില്ല?
ഇനിയല്പം വ്യക്തിപരം. ശരീരത്തിന്റെ രാഷ്ട്രീയം കൂടുതല്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് ചുംബന സമരം മുതല്ക്കാണ്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എന്റെ വെളുത്ത ശരീരം ആഘോഷിക്കപ്പെട്ടെന്ന് കുറിച്ചിട്ടു. വെളുത്ത ഉമ്മകള്‍ കറുത്ത ഉമ്മകളെ പരാജയപ്പെടുത്തിയതിനെക്കുറിച്ച് വൈഖരി എഴുതി. എന്റെ വെളുത്ത ശരീരത്തിന് കിട്ടിയ ദൃശ്യത എന്റെ തെറ്റാണോ? ആ ദൃശ്യത വെളുത്ത ഉമ്മകളെ പരാജയമാക്കിയോ? ഷിനോദ്.എന്‍.കെ എഴുതി ‘ വെളുത്ത സൌന്ദര്യബോധക്കാരുടെ സദാചാര സംഹിതകളെ അരുന്ധതിയുടെ വെളുത്ത ഉമ്മ ചോദ്യം ചെയ്യുന്നുണ്ട്. വെളുത്ത ആ സൌന്ദര്യ ബോധം കറുത്ത ആളുകളും പേറുന്നുണ്ട് എന്നതിനാല്‍ അവരുടെ സദാചാരത്തെയും അത് ചോദ്യം ചെയ്യുന്നു. ആ ചേലില്, അരുന്ധതിയുടെ വെളുത്ത ഉമ്മ വിജയം തന്നെയാണ്.’ മറ്റൊന്ന് കൂടി, എന്റെ ശരീരം ആഘോഷിക്കപ്പെട്ടത് വെറും ‘ചരക്ക്’ മാത്രമായാണ്. ആ അര്‍ഥത്തില്‍ എന്റെ നിറം എന്നെ അപമാനിക്കുകയാണ് ചെയ്തത്.
ഉത്തരകാലത്തില് SIO പ്രവര്ത്തകന് താഹിര്‍ ജമാല്‍ എഴുതിയ ലേഖനം എന്റെ വെളുത്ത ശരീരം എല്ലാ കറുത്ത ഇടങ്ങളെയും അദൃശ്യമാക്കി എന്നെഴുതി. എന്റെ സാന്നിധ്യം, എന്റെ ചുവന്ന പൊട്ട്, എല്ലാം ദളിത് ഇടങ്ങളെ ഹൈജാക്ക് ചെയ്യുന്നുവെന്ന്. അന്ന് മുതല്‍ SIO കൂടി ഉള്‍പ്പെടുന്ന അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന് സംഘടിപ്പിച്ച ഒരു പരിപാടിയിലും മുന്‍നിരയില്‍ ഇരുന്നിട്ടില്ല, ഒരു ഫോട്ടോയിലും വന്നിട്ടില്ല. ഭയന്നിട്ടല്ല, അയിത്തം കല്പ്പിച്ചവര് അസ്വസ്ഥരാവണ്ട എന്ന് കരുതി.
രോഹിത്തിന്റെ മരണം നടുക്കവും കുറ്റബോധവും സൃഷ്ടിച്ച ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍ ഒരാളാണ് ഞാന്‍. ദളിത് പ്രശ്നം ദളിതരും അല്ലാത്തവരുമായ വിദ്യാര്‍ഥികളുടെ പ്രക്ഷോഭമായി മാറിയപ്പോള്‍ ഈ കാമ്പസിലെ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ മാധ്യമങ്ങളോട് സംസാരിച്ചു. സവര്‍ണയായ, പ്രിവിലെജ്ട് ആയ ഞാന്‍ അഭിപ്രായം പറയാന്‍ അര്‍ഹയല്ലെന്നും മാറി നില്‍ക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ എന്റെ അടുത്തേക്ക് വരുന്നത് ഞാന്‍ ക്ഷണിച്ചിട്ടല്ല. എന്നെ ബിംബമാക്കാന്‍ അവര്‍ക്ക് ലക്ഷ്യം ഉള്ളതുകൊണ്ടുമല്ല. കോടികളുടെ capital ഉള്ള മാധ്യമങ്ങള്‍ക്ക് വേണ്ടത് ദൃശ്യതയുള്ള, കൂടുതല്‍ ആളുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയാണ്. ആ ദൃശ്യതയ്ക്ക് കാരണം സവര്‍ണ ശരീരം മാത്രമല്ല, സവര്‍ണ ശരീരങ്ങള്‍ക്ക് എണ്ണത്തില്‍ പഞ്ഞമുണ്ടായിട്ടല്ല, കൃത്യമായ രാഷ്ട്രീയവും നിലപാടുകളും ഉള്ളതുകൊണ്ടാണ്. എനിക്ക് വേണ്ടത് ഞാന്‍ പറയുന്ന രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ ആളുകളില്‍ എത്തണം എന്നതാണ്. 22 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ രാഷ്ട്രീയത്തിന് ഏത് സമരത്തെയും ഹൈജാക്ക് ചെയ്യാന്‍ കഴിയുമെന്ന്! വിശ്വസിക്കുന്നുണ്ടെങ്കില്‍ അതാ സമരത്തെ അവിശ്വസിക്കലാണ്. എന്നിട്ടും മിണ്ടാതിരുന്നു. നാട്ടില്‍ നിന്ന്! വിളിച്ച ചാനലുകളോടൊക്കെ NO പറഞ്ഞു. മാധ്യമം വാരാന്തപ്പതിപ്പിലേക്ക് എഴുതാന്‍ ആവശ്യപ്പെട്ട കുറിപ്പിലേക്ക് വൈഖരിയുടെ നമ്പര്‍ കൊടുത്തു.
ധന്യ.എം.ഡി എഴുതി ‘ അരുന്ധതിയുടെ ഇടതുപക്ഷ ഏറ്റെടുക്കല്‍ രാഷ്ട്രീയം’ എന്ന്. ഞാന്‍ പാര്‍ടിയുടെയോ എസ്.എഫ്.ഐ യുടെയോ ഔദ്യോഗിക ഭാരവാഹി അല്ല. ആ ടാഗില്‍ ഒരിടത്തും പ്രത്യക്ഷപ്പെട്ടിട്ടില്ല. എല്ലാ മനുഷ്യര്‍ക്കും രാഷ്ട്രീയമുണ്ട്. എനിക്കുമുണ്ട്. എന്ന് കരുതി ഞാന്‍ സംസാരിക്കുന്നതെല്ലാം ഇടതുപക്ഷ ഏറ്റെടുക്കല്‍ ആവുമോ? ചുംബന സമരം മുതല്‍ ഇന്നോളം ഞാന്‍ ഇടപെട്ട വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകളുമായി ചേര്‍ന്നുപോകുന്ന എത്രയെണ്ണമുണ്ട്? ഭയക്കുന്നത് എന്നെയോ ഇടതുപക്ഷത്തെയോ? എങ്ങനെയാണ് ഐക്യദാര്‍ഡ്യവും ഏറ്റെടുക്കലും വേര്‍തിരിക്കുന്നത്? എന്താണ് അതിനുള്ള മാനദണ്ഡം? Can someone tell me how to differentiate between solidartiy, appropriation and ptaronizing? ഇടതുപക്ഷം സംസാരിച്ചാല്‍ ഏറ്റെടുക്കല്‍, മറ്റാരു സംസാരിച്ചാലും ഐക്യദാര്‍ഡ്യം, അങ്ങനെയാണോ? ഞാന്‍ നേരിടുന്നത് തന്നെയാണ് ഇടതുപക്ഷവും നേരിടുന്നത്. മിണ്ടിയാല്‍ ഹൈജാക്കിംഗ്, മിണ്ടാതിരുന്നാല്‍ ബ്രാഹ്മണിക്കല്‍.
കാരണം പോലും പറയാതെ വിളിച്ചു വരുത്തി ഒരു കൂട്ടത്തില്‍ ഒറ്റയ്ക്ക് നിര്‍ത്തി വിചാരണ ചെയ്തു. ഇവിടെയെത്തിയ ചാനലുകളോടെല്ലാം എന്റെ byte കൊടുക്കരുതെന്നാവശ്യപ്പെട്ടു. കാരണം ഞാന്‍ വെളുത്തവളാണ്, കറുത്തവരെ അദൃശ്യയാക്കുന്നവളാണ്. . ‘നീ കറുത്തവളാണ്. നീ ദളിതയാണ്. നീ സംസാരിക്കണ്ട’ എന്ന essentialism തന്നെയല്ലേ ‘നീ വെളുത്തവളാണ്. നീ സവര്‍ണയാണ്. നീ സംസാരിക്കണ്ട’ എന്ന് പറയുന്നതും???
ഈ വിചാരണകളൊക്കെ നടന്നത് സമരത്തിനിടയിലാണ്. ചോദ്യം ചെയ്യപ്പെട്ടത് എന്റെ രാഷ്ട്രീയത്തിന്റെ ആത്മാര്‍ഥതയാണ്. ഒരാളെ ആത്മഹത്യ ചെയ്യിക്കാന്‍ ഇത്രയൊക്കെ മതിയായിരുന്നു. ചെയ്യാതിരുന്നത് ഇതിലും വലിയ ആക്രമണങ്ങള്‍ എന്നും നേരിടുന്നതുകൊണ്ടാണ്. സവര്‍ണ സ്വത്വം കൊണ്ട് മാത്രമാണ് ഞാന്‍ privileged. ജീവിക്കുന്ന രാഷ്ട്രീയം കൊണ്ട് ഒട്ടും privileged അല്ലാത്തവളാണ്. ജനിച്ച വീടും ബന്ധുക്കളും ജാതിയും പുറത്താക്കിയവളാണ്. കല്യാണങ്ങള്‍ക്കും മരണങ്ങള്‍ക്കും പോലും ഭ്രഷ്ട്ട് കല്‍പ്പിക്കപ്പെട്ടവളാണ്. കേരളത്തിലെ ഭൂരിപക്ഷം ആണുങ്ങളും വേശ്യയായി കാണുന്നവളാണ്. തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ നഗ്ന ചിത്രങ്ങളും വീഡിയോകളും നിരന്തരം സ്വന്തം ഇന്‍ബോക്സില്‍ കാണേണ്ടി വരുന്നവളാണ്. ഒന്നര വര്‍ഷമായി ഏറെക്കുറെ എല്ലാ ദിവസവും സൈബര്‍ റേപ്പിന് ഇരയാകുന്നവളാണ്. എനിക്കെന്തൊക്കെയോ ഇടങ്ങള്‍ കിട്ടുന്നുണ്ടെന്ന് തെറ്റിദ്ധരിക്കുന്നവരോട്, Attention does not mean Acceptance. കുലസ്ത്രീയ്ക്ക് കിട്ടുന്ന അംഗീകാരമല്ല, ചന്തപ്പെണ്ണിന് കിട്ടുന്ന ശ്രദ്ധ മാത്രമാണ് എനിക്കുള്ളത്. നിരന്തരം കല്ലേറ് കിട്ടുമ്പോഴൊക്കെ കൂടെ നില്ക്കാത്തവര് വിമര്‍ശിച്ചതില്‍ വിരോധമൊന്നുമില്ല. ഇത്രയൊക്കെ മാനസികമായി പീഡിപ്പിക്കപ്പെട്ടിട്ടും വെറും സവര്‍ണ ശരീരം മാത്രമാക്കി എന്റെ രാഷ്ട്രീയത്തെ ചുരുക്കിയിട്ടും എല്ലാ പകലും എല്ലാ രാത്രിയും സമരത്തിലുണ്ടായിരുന്നു. പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഭ്രഷ്ട്ട് കല്പ്പിക്കുന്നിടം വരെ സമരത്തിലുണ്ടാവും. പലസ്തീനിലോ കശ്മീരിലോ ഉള്ള മനുഷ്യരുടെ രാഷ്ട്രീയത്തോട് ഐക്യപ്പെടാന്‍ അവിടെ ജനിക്കുകയോ ആ ജീവിതം അനുഭവിക്കുകയോ വേണ്ട. വേദനിക്കുന്ന മനുഷ്യരോട് ഐക്യപ്പെടാന്‍ ഒരു മനുഷ്യജീവി ആയാല്‍ മതി.