തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. ഇതോടെ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്‌തേക്കും. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സക്കായി ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തും നിന്നും ജയരാജന്‍ ലീവ് എടുത്തിരിക്കുകയുമാണ്. എംവി ജയരാജനാണ് താത്കാലിക ചുമതല. ആശുപത്രിയില്‍ കഴിയുന്ന പി.ജയരാജന്റെ ആരോഗ്യസ്ഥിതി സിബിഐ പരിശോധിക്കും. ഇതിനുശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
മൂന്നാംതവണയാണ് ജയരാജന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. അതേസമയം സിബിഐക്ക് മുന്നില്‍ ഹാജരാകുന്നതടക്കമുളള കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ഹൈക്കോടതിയില്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും സിപിഐഎം നേതാക്കള്‍ വ്യക്തമാക്കി. ജാമ്യഹര്‍ജിയിന്മേലുള്ള വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് വി.ജി അനില്‍ കുമാറാണ് വിധി പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പി ജയരാജനെ സിബിഐ ജനുവരിയില്‍ 25ാം പ്രതിചേര്‍ത്തത്.യുഎപിഎ 18ാം വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും. ബിജെപിയിലേക്കുള്ള സിപിഐഎം പ്രവര്‍ത്തകരുടെ ഒഴുക്ക് തടയുന്നതിനായി, സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് സിബിഐ തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനും പി ജയരാജനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നും വിക്രമന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കുന്നത് പി ജയരാജനാണെന്നും സിബിഐ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.