മേപ്പാടി: മാവോയിസ്റ്റ് സാന്നിധ്യമുള്ള വയനാട് വനാതിര്‍ത്തിയില്‍ നിന്നും മൂന്ന് ദിവസമായി റിസോര്‍ട്ട് മാനേജരെ കാണാതായ സംഭവത്തില്‍ അവ്യക്തത തുടരുന്നു. മവോയിസ്റ്റ് തട്ടിക്കൊണ്ടു പോയതാണെന്ന അഭ്യൂഹങ്ങളും ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നെങ്കിലും സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ റിസോര്‍ട്ട് മാനേജറുടെ തിരോധാനത്തിനു പിന്നില്‍ എന്താണെന്ന് ഇപ്പോഴും പൊലീസിനു വ്യക്തമായിട്ടില്ല. റിപ്പണ്‍ വാളത്തൂരില്‍ നിലമ്പൂര്‍വയനാട് വനാതിര്‍ത്തിയോട് ചേര്‍ന്ന, മൈ ഗാര്‍ഡന്‍ ഓഫ് ഏദന്‍ റിസോര്‍ട്ടിലെ മാനേജര്‍ ഈങ്ങാപ്പുഴ കൈതപ്പൊയില്‍ സ്വദേശി ലിജീഷ് എം ജോസ്(35)നെയാണ് കാണാതായത്. റിസോര്‍ട്ട് മാനേജരുടെ തിരോധാനത്തിനു പിന്നില്‍ മാവോയിസ്റ്റാണെന്ന അഭ്യൂഹങ്ങള്‍ പരന്നതോടയാണ് പൊലീസും തണ്ടര്‍ബോള്‍ട്ടും അന്വേഷണം ശക്തമാക്കിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ലിജീഷിനെ കാണാതാവുന്നത്. തുടര്‍ന്ന് റിസോര്‍ട്ടിലെ പണിക്കാരനായ പോളിനെ ഫോണില്‍ വിളിച്ച് തന്നെ കാക്കി ധരിച്ച എട്ടംഗ സംഘം ബലമായി കൊണ്ടു പോകുകയായിരുന്നെന്നും ഹിന്ദിയിലും തെലുങ്കിലും സംസാരിക്കുന്ന കാക്കി വസ്ത്രധാരികള്‍ ഭീഷണിപ്പെടുത്തിയാണ് തന്നെ കൊണ്ടുപോയതെന്നും പോളിനോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ലിജീഷിന്റെ ഫോണിലേക്ക് പിന്നീട് തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വാളത്തൂരില്‍ താമസിക്കുന്ന പോള്‍ അയല്‍ക്കാരെകൂട്ടി റിസോര്‍ട്ടിലെത്തിയപ്പോള്‍ ഓഫീസ് മുറിയും റിസപ്ഷനും തുറന്നിട്ട നിലയിലായിരുന്നു. നാശനഷ്ടങ്ങളൊന്നും വരുത്തിയിരുന്നില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചതോടെ പരിസരത്ത് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല.

രണ്ടു ദിവസമായി പൊലീസും തണ്ടര്‍ബോള്‍ട്ടും നടത്തി വരുന്ന പരിശോധനയിലും മാവോയ്സ്റ്റുകളാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം ലിജീഷ് കെട്ടിച്ചമച്ച മാവോയിസ്റ്റ് കഥകളാണ് പിന്നിലെന്നും പൊലീസിന് സംശയമുണ്ട്. ബുധനാഴ്ച ലിജീഷ് ഭാര്യയെ വിളിച്ച് താന്‍ പോകുകയാണെന്നും കുട്ടികളെ നന്നായി നോക്കണമെന്നും പറഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ലിജീഷിനെ അര്‍ധരാത്രി വരെ റിപ്പണ്‍ ടൗണിലും പരിസരത്തുമായി ബാഗുമായി കണ്ടവരുമുണ്ട്. കൂടാതെ വ്യാഴാഴ്ച ലിജീഷിന്റെ മൊബൈല്‍ ഫോണ്‍ ബാംഗ്ലൂരുവില്‍ പ്രവര്‍ത്തിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തന രഹിതമായ നിലയിലാണ്. ഇത് അന്വേഷണത്തെയും ബാധിക്കുന്നുമുണ്ട്. ഇയാള്‍ ഇടക്കിടെ ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്ക് ബാംഗ്ലൂരില്‍ പോവാറുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 14 ഏക്കറോളം വരുന്ന കാപ്പിത്തോട്ടത്തിലെ റിസോര്‍ട്ട് ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. കോഴിക്കോട് ബിലാത്തിക്കുളം സ്വദേശി ഡോ.ശ്രീകുമാറിന്റേതാണ് റിസോര്‍ട്ട്. എന്നാല്‍ ലിജീഷ് പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങിയിരുന്നതായും ഇവര്‍ക്കെല്ലാം കടം വാങ്ങിയ തുക തിരിച്ചു നല്‍കുന്നതിനായി വ്യത്യസ്ത തിയ്യതികള്‍ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. കടബാധ്യത കാരണം കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായും വിവരമുണ്ട്. ലിജീഷിനെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനിലിനാണ് അന്വേഷണ ചുമതല. മുമ്പ് റിസോര്‍ട്ടുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ മാവോയിസ്റ്റ് കയ്യേറ്റം ഉണ്ടായിരുന്നു. ഇതിന് വ്യക്തമായ തെളിവുകളും കണ്ടെത്താന്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ മാവായിസ്റ്റുകളുടെ പതിവു രീതിയായ പോസ്റ്റര്‍ പതിക്കല്‍, ലഭുലേഖ വിതരണം, മുദ്രാവാക്യം വിളി എന്നിവയൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. മാത്രമല്ല, സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നു തെളിയിക്കുന്ന യാതൊരു തെളിവും കിട്ടിയിരുന്നില്ല. പിന്നെ എന്തിനായിരിക്കാം മാവോയിസ്റ്റ് ഡ്രാമ നടത്തിയതെന്ന് പൊലീസിനും വ്യക്തമല്ല. ലിജീഷിനെ കണ്ടെത്തിയാല്‍ മാത്രമെ തിരോധാനത്തിനു പിന്നിലെ ചുരുളഴിയുകയുള്ളൂവെന്ന് വയനാട് എസ്പി പറഞ്ഞു.