മുംബൈ: രോഹിത് വെമുലയുടെ ആത്മഹത്യക്കു പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്ന് എബിവിപി നേതാവായ സുശീല്‍ കുമാര്‍. രോഹിത്തിനെതിരേ പരാതി നല്‍കിയയാളാണ് സുശീല്‍. വിഷാദ രോഗമാണ് രോഹിത്തിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സുശീലിന്റെ പുതിയ വാദം. മരണത്തില്‍ അനാവശ്യ രാഷ്ട്രീയം കലര്‍ത്തുകയാണെന്നും സുശീല്‍ പറയുന്നു.
വിഷാദ രോഗം മൂലമാണ് രോഹിത് ആത്മഹത്യ ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നും എല്ലാവരും ചേര്‍ന്ന് അതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നുവെന്നും സുശീല്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ മര്‍ദ്ദിച്ചുവെന്ന സുശീലിന്റെ പരാതിയിലാണ് രോഹിത് അടക്കമുള്ള അംബേദ്കര്‍ സ്റ്റുഡന്റ്സ് യൂണിയന് പ്രവര്‍ത്തകര്‍ സസ്പെന്റിലായത്. ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
ക്യാമ്പസില്‍ ജാതിവിവേചനമില്ലെന്നും 10 വര്‍ഷത്തിനിടയില്‍ ഉണ്ടായ ആത്മഹത്യകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. രോഹിതിന്റെ മരണത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കണമെന്നും തെറ്റുകാരനാണെന്ന് ബോധ്യപ്പെട്ടാല്‍ എന്തു ശിക്ഷയും ഏറ്റുവാങ്ങാമെന്നും സുശീല്‍ കുമാര്‍ പറയുന്നു.
	
		

      
      



              
              
              



